ലാല്‍ ആന്റ് ജൂനിയര്‍ ലാല്‍ ചിത്രം ‘സുനാമി’ ഷൂട്ടിംഗ് പൂര്‍ത്തിയായി

ഡ്രൈവിങ് ലൈസന്‍സിന്’ ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘സുനാമി’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച രണ്ടാംഘട്ട ചിത്രീകരണവും പൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍ ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

ലാലിന്റെ കുറിപ്പ്

നമസ്കാരം,

അങ്ങനെ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഒടുവിൽ ഇന്ന് ഞങ്ങൾ സുനാമി എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയാണ്. 2020 ഫെബ്രുവരി അവസാനം തൃശ്ശൂരിൽ സുനാമിയുടെ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത് മാർച്ച് അവസാനം വരെ നീണ്ട് നിൽക്കുന്ന വേണ്ടപ്പെട്ട കുറേപേർ ഒന്നിച്ചുള്ള ഒരു ആഘോഷം എന്നതായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസിന്റെ ആഘാതം ഈ ലോകത്തെ തന്നെ പ്രതിസന്ധിയുടെ ഇരുട്ടിലേക്ക് തള്ളിവിട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കാനേ ഞങ്ങൾക്കും കഴിഞ്ഞുള്ളൂ. അങ്ങനെ ഷൂട്ടിംഗ് തീരാൻ 12 ദിവസം ബാക്കി നിൽക്കേ 2020 മാർച്ച് പകുതിയോടെ ഞങ്ങൾ സുനാമിയുടെ ചിത്രീകരണം നിർത്തിവെച്ചു. പിന്നീട് നടന്നതും സംഭവിച്ചതുമെല്ലാം നമ്മൾ ഓരോരുത്തർക്കും അറിയാവുന്നതാണ്. പക്ഷേ ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ, അതും സിനിമ.. തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ പോരടിച്ച് തന്നെയാണ് എന്നും സിനിമ വിജയക്കൊടി പാറിച്ചിട്ടുള്ളത്. ആ ധൈര്യത്തിൽ തന്നെ കിട്ടിയ ചങ്കൂറ്റം കൊണ്ടുതന്നെയാണ് കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഞങ്ങൾ തയ്യാറായതും.. വാക്കുകളിൽ ഒതുക്കുന്നില്ല, എല്ലാവരോടും ഉള്ള കടപ്പാടും നന്ദിയും ആശയക്കുഴപ്പങ്ങളുടെയും ഭീതിയുടെയും നിഴലിൽ നിൽക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ട് മാറി വന്ന് ഈ സിനിമയ്ക്ക വേണ്ടി രാപ്പകലുകൾ അധ്വാനിച്ചതിന്… നൂറോ നൂറ്റിയിരുപതോ പേർ ചേർന്ന് ചെയ്യേണ്ട ജോലികൾ വെറും അമ്പത് പേരായി ചേർന്ന് നിന്ന് ചെയ്ത് തീർത്ത് ചരിത്രം സൃഷ്ടിച്ചതിന്…നന്ദി.. നന്ദി.. നന്ദി..!!!

ഇത് ഒരു തുടക്കമാവട്ടെ.. ഏത് മഹാമാരിക്ക് മുന്നിലും തളരാത്ത, തോറ്റു കൊടുക്കാത്ത അധ്വാനത്തിന്റെ വിലയറിയുന്ന ഒരു സമൂഹത്തിന്റെ തുടക്കം.

പ്രതീക്ഷകളോടെ

ടീം സുനാമി

കൊറോണ ഭീതിയില്‍ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ആദ്യം ചിത്രീകരണം നിര്‍ത്തിവെച്ച മലയാള സിനിമയാണ് സുനാമി.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടിയാണ് ഇപ്പോള്‍ രണ്ടംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. 50 പേര്‍ മാത്രമാണ് ചിത്രീകരണത്തില്‍ പങ്കെടുത്തത്. സെറ്റില്‍ തെര്‍മല്‍ സ്‌കാനര്‍, മാസ്‌കുകള്‍, സാനിറ്റൈസര്‍ തുടങ്ങിയവയും ഉപയോഗിച്ചിരുന്നു.

പാണ്ടാ ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിച്ച് നടനും സംവിധായകനുമായ ലാല്‍ തിരകഥയെഴുതുന്ന സിനിമയാണ് ‘സുനാമി’. ലാലിന്റെ മരുമകനാണ് അലന്‍.

View this post on Instagram

Tsunami – Pack Up A Lal & Junior Cinema #malayalamcinema

A post shared by LAL (@lal_director) on

ബാലു വര്‍ഗീസ് നായകനായെത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രതീഷ് രാജാണ്. യാക്‌സണ്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സുനാമിയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Top