ലക്ഷ്യം കണ്ട് ലക്ഷ്യ; പുരുഷ ബാഡ്മിന്റണിലും സ്വര്‍ണം

ബർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ലക്ഷ്യ സെന്‍. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തോൽപിച്ചാണ് ലക്ഷ്യയുടെ സ്വർണ‌നേട്ടം. ഇതോടെ കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ഇരുപതായി.

ആദ്യ സെറ്റിൽ പിന്നിലായെങ്കിലും പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്തിയ ലക്ഷ്യ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് ജയം പിടിച്ചെടുക്കുകയായിരുന്നു. സ്കോർ 19-21 21-9 21-16. ഇതോടെ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സിന് പിന്നാലെ പുരുഷ സിംഗിള്‍സിലും ഇന്ത്യ വിജയം നേടി. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു സ്വര്‍ണം നേടിയിരുന്നു.

ലക്ഷ്യ സെന്നിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണമെഡലാണിത്. നേരത്തേ ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു.

Top