ശബരിമല വിഷയം മുതല്‍ കൂട്ട സൈബര്‍ ആക്രമണം; മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ ലക്ഷ്മി പ്രിയ

തിരുവനന്തപുരം: സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി ലക്ഷ്മി പ്രിയ. ശബരിമല വിഷയത്തില്‍ താന്‍ അഭിപ്രായം പറഞ്ഞതു മുതല്‍ സൈബര്‍ ആക്രമണത്തിന് വിധേയയാകുന്നുണ്ടെന്നും അത് ഇടത് പ്രൊഫൈലുകളില്‍ നിന്നാണെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എന്റെ പേര് ലക്ഷ്മി പ്രിയ. മലയാള സിനിമയില്‍ കഴിഞ്ഞ 16 വര്‍ഷമായി അഭിനയിച്ചു വരുന്നു. അങ്ങയുടെ പാര്‍ട്ടി അണികള്‍ സൈബര്‍ അറ്റാക്ക് നടത്തുന്നില്ല, അഥവാ നടത്തിയാല്‍ തന്നെ മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നതിലും തുലോം കുറവാണ് എന്ന മട്ടില്‍ അങ്ങ് പറഞ്ഞതായി കണ്ടു. എന്നാല്‍ ഏറെ ആദരവോടും ബഹുമാനത്തോടെയും പറയട്ടെ, അങ്ങയുടെ പാര്‍ട്ടി അണികളില്‍ നിന്നും നല്ല രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. അഥവാ അമ്മ പെങ്ങന്‍മാര്‍ കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറിയുo കമെന്റ്കള്‍ക്ക് ചിരി സ്മൈലിയും ഇടുന്ന കൂട്ടരില്‍ അധികം പേരുടെയും പ്രൊഫൈല്‍ വ്യകതമാക്കുന്നത് ഇവര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ്. ഇനി ഇടതു പക്ഷത്തിന്റെ പേര് ചീത്തയാക്കാന്‍ വേണ്ടി മനഃപൂര്‍വം വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നതാണോ എന്നും നിച്ഛയം പോരാ.

എങ്കിലും വേദനയോടെ അങ്ങയോടു പറയട്ടെ ഞാന്‍ ഒരു സ്ത്രീയാണ് ഭാര്യയാണ്, ഒരു അച്ഛന്റെയും അമ്മയുടെയും മകള്‍ ആണ്, ഒരു കുഞ്ഞി മകളുടെ അമ്മയാണ് എന്ന് പോലും നോക്കാതെ ആണ് പച്ചത്തെറി അഭിഷേകം നടത്തുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായം പറഞ്ഞപ്പോള്‍ മുതല്‍ ഈ കൂട്ട ആക്രമണം നേരിടുന്നു. ഇടതു പക്ഷം നിരീശ്വര വാദത്തെ ആവാം പ്രോത്സാഹിപ്പിക്കുന്നത്. ഞാന്‍ ആ നിരീശ്വര വാദത്തെ യാതൊരു വിധത്തിലും എതിര്‍ക്കുന്നില്ല. എന്നാല്‍ കേരളം പോലെ ഒരു സംസ്ഥാനത്ത് അവിശ്വാസികള്‍ക്കു എന്നത് പോലെ വിശ്വാസികള്‍ക്കും അഭിപ്രായ പ്രകടനം നടത്തിക്കൂടെ? ഏറെ വേദനയോടെ പറയട്ടെ അങ്ങയുടെ പാര്‍ട്ടിക്കാര്‍ എന്ന് പറയുന്ന ചില സ്ത്രീകള്‍ ഞങ്ങളെ ‘കുല സ്ത്രീകള്‍ ‘ എന്ന് പോലും വിളിച്ചു ആക്ഷേപിക്കുന്നു. ഇവിടെ നമ്മുടെ സ്ത്രീകള്‍ അങ്ങനെ കുലസ്ത്രീകളും അല്ലാത്തവരും ആയി അറിയപ്പെടുന്നു. ഒരാളുടെ രാഷ്ട്രീയം, വിശ്വാസം എന്നത് തികച്ചും വ്യക്തിപരമല്ലേ?

അതിനെ എന്ന് മുതല്‍ ആണ് എതിര്‍ത്തു തോല്‍പ്പിക്കല്‍ മാനം വന്നത് എന്നറിയില്ല. അങ്ങയുടെ സ്ഥാനത്തും പ്രായത്തിലുമുള്ള ഒരു വ്യക്തി ഒരുപക്ഷെ ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണത്തെക്കുറിച്ച് അറിയണം എന്നില്ല. എന്നെങ്കിലും കാണുമ്പോ ഈ വിവരം സൂചിപ്പിക്കണം എന്ന് ഞാന്‍ കരുതിയിരുന്നതാണ്. പതിമൂന്നു വയസ്സ് മുതല്‍ അന്‍പത്തി മൂന്ന് വയസ്സില്‍ മരിക്കും വരെ പാര്‍ട്ടിയ്ക്കു വേണ്ടി തൊണ്ട പൊട്ടി വിപ്ലവ ഗാനങ്ങള്‍ പാടിയിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മരുമകള്‍ ആണ് ഞാന്‍.

അദ്ദേഹം പാര്‍ട്ടിയ്ക്കു വേണ്ടി ചെയ്ത അളവറ്റ സംഭാവനകള്‍ ഞങ്ങളുടെ കുടുംബത്തെ കല്ലെറിയുന്ന അണികള്‍ക്ക് അറിയില്ല. അങ്ങേയ്ക്ക് ഇങ്ങനെ ഒരു ഓപ്പണ്‍ കത്തെഴുതേണ്ടി വന്നതില്‍ അതീവ വിഷമമുണ്ട്. സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്ന ഇത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ അങ്ങ് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നിര്‍ത്തട്ടെ?

നിറഞ്ഞ ബഹുമാനത്തോടെ
ലക്ഷ്മി പ്രിയ
ഒപ്പ്.

Top