Lakshmi Nair’s move to take over the position of Director

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് ഇനിയും കടിച്ച് തൂങ്ങി നില്‍ക്കാന്‍ കഴിയില്ലന്ന് വ്യക്തമായതോടെ പുതിയ തന്ത്രം മെനഞ്ഞ് ലക്ഷ്മി നായര്‍.

പിതാവും ലോ അക്കാദമി ഡയറക്ടറുമായ നാരായണന്‍ നായര്‍ പറഞ്ഞാല്‍ രാജിവയ്ക്കാമെന്ന് അവര്‍ നിലപാടെടുത്തത് തന്നെ ഈ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് അറിയുന്നത്.

പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെങ്കില്‍ ലോ അക്കാദമി ഡയറക്ടര്‍ സ്ഥാനത്ത് ലക്ഷ്മി നായരെ അവരോധിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇക്കാര്യത്തില്‍ ലോ അക്കാദമി ഭരണ സമിതിയുടെ പിന്‍തുണ ലക്ഷ്മി നായര്‍ക്ക് ലഭിക്കും.

പിതാവ് കൂടിയായ നാരായണന്‍ നായരും അദ്ദേഹത്തിന്റെ സഹോദരനും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരും ഇതു സംബന്ധമായ ചില ആശയവിനിമയം നടത്തിയതായാണ് സൂചന. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജി വയ്ക്കാത്തതിലുള്ള പ്രതിഷേധം പാര്‍ട്ടിക്കകത്ത് ശക്തമായതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം.

സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ലക്ഷ്മി നായര്‍ക്ക് എതിരാവുകയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇടപെട്ട് ഭരണസമിതി തന്നെ പിരിച്ച് വിടുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ എന്ന ആശങ്കയും മാനേജ്‌മെന്റിനുണ്ട്.

ഈ സാഹചര്യത്തില്‍ പിടിവാശി വേണ്ടന്ന നിലപാടാണ് ഭരണ സമിതിയിലെ ബന്ധുക്കള്‍ പോലും ലക്ഷ്മി നായര്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. അധികാരം വെട്ടികുറച്ച് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് ലക്ഷ്മി നായര്‍ തുടരട്ടെ എന്ന നിലപാട് ഭരണ സമിതിയുടെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ തന്നെ എസ് എഫ് ഐ അടക്കം പ്രക്ഷോഭരംഗത്തുള്ള സംഘടനകള്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞിരുന്നു.

ഭാവി മരുമകള്‍ അടക്കമുള്ളവര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയതടക്കം ഗുരുതരമായ വീഴ്ചകളാണ് സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരിക്കുന്നത്. ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാനും ഉപസമിതി സര്‍വ്വകലാശാലയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മെറിറ്റ് അട്ടിമറിക്കപ്പെടുകയും ജാതിയും മതവും നിറവും പറഞ്ഞ് വിദ്യാര്‍ത്ഥികളെ അവഹേളിച്ചതായും ഹാജര്‍ രേഖകളില്‍ ഇടപെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാവി മരുമകളായ അനുരാധ പി നായര്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും നല്‍കിയതിനാല്‍ അവരുടെ പരീക്ഷാ ഫലം റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷത്തെ രേഖകള്‍ ഉപസമിതിക്ക് ലോ അക്കാദമി അധികൃതര്‍ നല്‍കിയില്ലന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.

സര്‍വ്വകലാശാലയുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ സിന്‍ഡിക്കേറ്റ് ഉടന്‍ തീരുമാനമെടുക്കും. കൂടുതല്‍ നടപടിക്ക് സര്‍ക്കാറിന് ശുപാര്‍ശയും നല്‍കും. ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്ന് കടുത്ത നടപടിക്ക് നിര്‍ദ്ദേശമുണ്ടാകന്നതിന് മുന്‍പ് നടപടി സ്വീകരിക്കാനാണ് നീക്കം. ഇതെല്ലാം മുന്നില്‍ കണ്ടാണ് മറ്റൊരു കീ പോസ്റ്റില്‍ കയറി കൂടാന്‍ ലക്ഷ്മി നായരും ശ്രമിക്കുന്നത്.

Top