ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ലക്ഷദ്വീപിലേക്ക് ; എങ്ങും കനത്ത ജാഗ്രത

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ‘ഓഖി’ചുഴലിക്കാറ്റില്‍ കാറ്റിലും മഴയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

തിരുവനന്തപുരം ജില്ലയിലെ തുറകളില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നുമായി കടലില്‍ പോയ നൂറ്റി അറുപതോളം മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.

നാവികസേനയും വ്യോമസേനയുമാണ് ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചത്.

മോശം കാലാവസ്ഥ തിരച്ചലിന് വിഘാതമാകുന്നുണ്ട്.

അതേസമയം, കേരള, തമിഴ്‌നാട് തീരങ്ങളില്‍ നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിനടുത്തേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റിന്റെ കേന്ദ്രഭാഗം.

കേരള, തമിഴ്‌നാട് തീരങ്ങളില്‍ മണിക്കൂറില്‍ എണ്‍പതുമുതല്‍ നൂറുകിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ മൂന്നു പേരും കൊല്ലത്ത് ഒരാളും മഴയില്‍ മരിച്ചിരുന്നു.

മാത്രമല്ല, മരങ്ങള്‍ വീണും വാഹനാപകടങ്ങളിലും നിരവധിപേര്‍ക്ക് പരിക്കേറ്റു.

Top