വിവാദ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് ഓലമടല്‍ സമരം

കവരത്തി: അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് ഓലമടല്‍ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ രാവിലെ 9 മുതല്‍ 10 വരെയാണ് സമരം നടത്തുന്നത്. സ്വന്തം പറമ്പിലെ തെങ്ങില്‍ നിന്നുള്ള ഓലയും മടലും ഇട്ട് അതിന്റെ മുകളിലിരുന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കാനാണ് തീരുമാനം.

തെങ്ങില്‍ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാല്‍ പിഴയീടാക്കാനുള്ള ഉത്തരവിലാണ് വേറിട്ട പ്രതിഷേധം. എന്നാല്‍, ഓലമടല്‍ കത്തിക്കരുതെന്നും റോഡില്‍ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാന്‍ കൂടുതല്‍ ദ്വീപുകളില്‍ ഇന്ന് നോട്ടീസ് നല്‍കിയേക്കും.

വീടുകളും ശുചിമുറികളും പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് ദ്വീപ് നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയത്. കടല്‍ തീരത്ത് 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്നും അടിയന്തരമായി പൊളിച്ച് നീക്കണമെന്നുമാണ് നോട്ടീസ്.

കവരത്തിയില്‍ നൂറ്റിയമ്പതിലേറെ വീടുകളിലെ താമസക്കാര്‍ക്ക് ഇതിനകം നോട്ടീസ് കിട്ടിയിട്ടുണ്ട്. ഈ മാസം 30നുളളില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണം. അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നും ഇതിന്റെ ചെലവ് ഉടമകളുടെ കയ്യില്‍ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. കവരത്തി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ ആണ് ഉത്തരവ് ഇറക്കിയത്.

 

Top