അയിഷ സുല്‍ത്താനക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് പൊലീസ്

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെ ചില വാട്‌സ്ആപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്നാണ് ഹൈക്കോടതിയെ ലക്ഷദ്വീപ് പൊലീസ് അറിയിച്ചത്. തനിക്കെതിരായ രാജ്യാദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലക്ഷദ്വീപ് പൊലീസിന്റെ മറുപടി.

അയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അയിഷ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകള്‍ അയിഷ ഹാജരാക്കിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അയിഷയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ അയിഷ സുല്‍ത്താനയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ പലതും അപ്രത്യക്ഷമായി. ഇതില്‍ ദുരൂഹതയുണ്ട്. അയിഷ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ അയിഷയുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.

മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അയിഷ സുല്‍ത്താന മറ്റൊരു ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Top