കാറ്റിലും കോളിലുംപെട്ട് ലക്ഷദ്വീപില്‍ കുടുങ്ങി കിടക്കുന്നത് അമ്പതോളം മത്സ്യത്തൊഴിലാളികള്‍

കല്‍പ്പ: കാറ്റിലും കോളിലുംപെട്ട് ലക്ഷദ്വീപില്‍ കുടുങ്ങി കിടക്കുന്നത് അമ്പതോളം മത്സ്യത്തൊഴിലാളികള്‍.കല്‍പ്പനി ദ്വീപിലെത്തിയ അഞ്ചു ബോട്ടുകളിലെ തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മടങ്ങാനാവാതെ ഒരാഴ്ചയായിട്ട് ഇവര്‍ കുടുങ്ങി കിടക്കുകയാണ്.തിരുവനന്തപുരം പൊഴിയൂരില്‍നിന്നുള്ള പത്തുപേരും ഈ സംഘത്തിലുണ്ട്.

കഴിഞ്ഞ 13ന് മുനമ്പത്ത് നിന്ന് നിന്ന് പുറപ്പെട്ട ഇവര്‍ 27 നാണ് കല്‍പ്പനി ദ്വീപിലെത്തിയത്. മൂപ്പതിന് മടങ്ങാനിരിക്കെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തൊഴിലാളികളെ ഫിഷറീസ് വകുപ്പ് സമീപത്തെ സ്‌കൂളിലേക്ക് മാറ്റി. എന്നാല്‍, ശക്തമായ കാറ്റിലും കോളിലും ബോട്ടിന് സാരമായ കേടുപറ്റി.

അറ്റകുറ്റപ്പണിക്ക് നാല് ലക്ഷം രൂപ ചെലവ് വരും. എന്നാല്‍ അധികൃതര്‍ ഒരു സഹായവും നല്‍കുന്നില്ലെന്ന് ബോട്ടുടമ ശെല്‍വരാജ് പറഞ്ഞു. ഇത് മൂലം തൊഴിലാളികള്‍ സ്‌കൂളില്‍ തന്നെ കഴിയുകയാണ്. അധികാരികള്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും ആഹാരവും മരുന്നും പോലും ലഭിക്കാത്ത സാഹചര്യമാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Top