ലക്ഷദ്വീപ് ബി.ജെ.പിയില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി വെച്ചു

കവരത്തി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നടപ്പാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം പടരുന്നതിനിടെ ലക്ഷദ്വീപ് ബി.ജെ.പി നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി വെച്ചു. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം.സി. മുത്തുക്കോയ, മുന്‍ സംസ്ഥാന ട്രഷറര്‍ ബി. ഷുക്കൂര്‍, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, കവരത്തി ഘടകം മുന്‍ അധ്യക്ഷന്‍ എം.ഐ. മുഹമ്മദ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്.

അഡ്മിനിസ്‌ട്രേഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ലക്ഷദ്വീപിന്റെ സമാധാനത്തിന് ഹാനികരമായതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപിെന്റ ചുമതലയുള്ള ബി.ജെ.പി ദേശീയ വൈസ്പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിക്കാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ബി.ജെ.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം ആവശ്യപ്പെട്ടിരുന്നു.

Top