ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്നു പ്രമേയത്തില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്ന ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന കര്‍ത്തവ്യം നിറവേറ്റുന്നതിനു പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍ നിന്നുതന്നെ ഉണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണെന്നു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ഭരണകൂടത്തിനു വ്യക്തികളുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കാന്‍ അമിതാധികാരം നല്‍കുന്ന വ്യവസ്ഥ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ ധാരാളം ആളുകളെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇടവരുത്തും. ഇന്നു ലക്ഷദ്വീപില്‍ കാണുന്നതിനു സമാനമായ രീതിയില്‍ രാജ്യത്തിന്റെ നാനാത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഇന്ത്യയിലെ മറ്റിടങ്ങളിലും ആസൂത്രിതമായി നടത്തുന്നുണ്ട്. അവയുടെ പരിണിത ഫലങ്ങള്‍ ദുരന്തമായിരുന്നു.

ലക്ഷദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. കേരളം ആ ആശങ്ക പങ്കുവയ്ക്കുന്നു. കൊളോണിയല്‍ ഭരണാധികാരികളുടെ ചെയ്തികളെപോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കല്‍പ്പിക്കുന്ന സാംസ്‌കാരിക തനിമയ്ക്കുമേല്‍ ആക്രമണം നടക്കുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

Top