മുഹമ്മദ് ഫൈസലിന് സഭയില്‍ വോട്ടിംഗ് അവകാശം നല്‍കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം

ധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ എംപി സ്ഥാനം തിരികെ ലഭിച്ച മുഹമ്മദ് ഫൈസലിന് സഭയില്‍ വോട്ടിംഗ് അവകാശമോ, മറ്റ് ആനുകൂല്യങ്ങളോ നല്‍കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. സുപ്രീം കോടതിയിലാണ് ഈ ആവശ്യം ലക്ഷദ്വീപ് ഭരണകൂടം ഉന്നയിച്ചത്

ക്രിമിനല്‍ കേസില്‍ BSP എംപി അഫസല്‍ അന്‍സാരിയുടെ ശിക്ഷ സ്റ്റേ ചെയ്തപ്പോള്‍ സുപ്രീം കോടതി ഉപാധികളോടെയാണ് അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചത്. ലോക്‌സഭാ നടപടികളില്‍ പങ്കെടുക്കാമെങ്കിലും അന്‍സാരിക്ക് ശബളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളോ, സഭയില്‍ വോട്ടിങ് അവകാശമോ നല്‍കരുത് എന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഈ ഉത്തരവ് മുഹമ്മദ് ഫൈസലിനും ബാധകമാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കെ മി നടരാജ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അഫസല്‍ അന്‍സാരിയുടെ കേസിലെ വിധി തങ്ങള്‍ കണ്ടിട്ടില്ലെന്ന് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ കെ ആര്‍ ശശിപ്രഭുവും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉത്തരവ് പരിശോധിച്ച് നിലപാട് അറിയിക്കാന്‍ കോടതി ഫൈസലിന്റെ അഭിഭാഷകരോട് നിര്‍ദേശിച്ചു.

വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ലക്ഷദ്വീപില്‍ നിന്നുള്ള ലോക്‌സഭാ അംഗം പി.പി. മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം ലോക്‌സഭാ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചത്.

Top