രാജ്നാഥ് സിങിനെതിരെ ലക്‌നൗവില്‍ മത്സരിക്കാന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ

ലക്‌നൗ: രാജ്നാഥ് സിങിനെതിരെ ലക്‌നൗവില്‍ മത്സരിക്കാനൊരുങ്ങി ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ. സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് പൂനം മത്സരിക്കുക. മുന്‍ ബിജെപി നേതാവായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടിയുമായുള്ള വിയോജിപ്പ് മൂലം ഇപ്പോള്‍ കോണ്‍ഗ്രസ്സിലേക്ക് കൂടുമാറാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് ഭാര്യ ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്നത്.

ലക്‌നൗവിലെ വോട്ടര്‍മാരില്‍ 1.3 ലക്ഷം പേര്‍ സിന്ധികളാണ്. നാലുലക്ഷത്തോളം കായസ്ത വിഭാഗങ്ങളുമുണ്ട്. പൂനം സിന്‍ഹ സിന്ധി വിഭാഗത്തില്‍ നിന്നുള്ളയാളാണ്. അതേസമയം ശത്രുഘ്നന്‍ സിന്‍ഹ കായസ്ത വിഭാഗക്കാരനും. ഈ രണ്ടുവിഭാഗങ്ങളുടെയും ഒപ്പം എസ്.പി., ബിസ്പി പാര്‍ട്ടികളുടെ പരമ്പരാഗത പിന്നാക്ക, മുസ്ലീം വോട്ടുകളും കിട്ടിയാല്‍ വിജയം അനായാസമാകുമെന്നാണ് പ്രതിപക്ഷ സഖ്യം കരുതുന്നത്.

2014ലെ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തതിന്റെ 55.7 ശതമാനം വോട്ടുകള്‍ നേടിയാണ് രാജ്നാഥ് സിങ് വിജയിച്ചത്. ലക്‌നൗ തങ്ങളുടെ അടിയുറച്ച മണ്ഡലമാണെന്നാണ് ബിജെപിയുടെ അവകാശവാദം.

Top