ലഖിംപൂർ ഖേരി കേസ്; ആശിഷ് മിശ്രക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡൽഹി: ലഖിംപൂർ ഖേരി കേസില്‍ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 8 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യകാലയളവിൽ ഉത്തർപ്രദേശിലും ദില്ലിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടനും കോടതി നിര്‍ദ്ദേശിച്ചു.

2021 ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ലഖിംപൂർ ഖേരി ജില്ലയിലെ ടികുനിയയിൽ അന്നത്തെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി നീങ്ങിയ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റുകയായിരുന്നു എന്നാണ് കേസ്. നാല് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കര്‍ഷകര്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പിന്നീടുണ്ടായ സംഘത്തിൽ രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. 2021 ഒക്ടോബർ ഒമ്പതിനാണ് കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആശിഷ് മിശ്രയ്ക്കെതിരെ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയിരുന്നു.

Top