യാത്രയ്‌ക്കൊപ്പം തോക്കും കരുതും ! കര്‍ഷക മരണത്തില്‍ മന്ത്രി പുത്രന്റെ മൊഴി

ന്യൂഡല്‍ഹി: വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ തോക്ക് കൈവശം വയ്ക്കാറുണ്ടെന്നു ലഖിംപുര്‍ ഖേരി കേസില്‍ അറസ്റ്റിലായ മന്ത്രി പുത്രന്‍ ആശിഷ് മിശ്ര. എന്നാല്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട ദിവസം പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്ര, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു താന്‍ എന്ന വാദത്തില്‍ ചോദ്യം ചെയ്യലില്‍ മിശ്ര ഉറച്ചു നിന്നു.

വാഹനത്തിലിരുന്ന് ആശിഷ് മിശ്ര വെടിവച്ചുവെന്നും ഗുര്‍വിന്ദര്‍ സിങ് എന്ന കര്‍ഷകനു വെടിയേറ്റുവെന്നും എഫ്‌ഐആറിലുണ്ട്. സംഭവസ്ഥലത്തു നിന്നു 2 ഒഴിഞ്ഞ വെടിയുണ്ട കവറുകള്‍ കിട്ടിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് തോക്ക് കൈവശം വയ്ക്കാറുണ്ടെന്നും താന്‍ വാഹനത്തിലില്ലെങ്കില്‍ അതില്‍ ആയുധമുണ്ടാകാറില്ലെന്നും ആശിഷ് പറഞ്ഞത്. മകന്റെ കൈവശം തോക്കുണ്ടെങ്കില്‍ അതിനു ലൈസന്‍സുമുണ്ടാകുമെന്ന് അജയ് മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മാത്രമല്ല, കര്‍ഷകരുടെ ദേഹത്തുകൂടി ഓടിച്ചുകയറ്റിയ വാഹനം തന്റേതാണെന്ന് ആശിഷ് സമ്മതിച്ചു. തൊട്ടുപുറകിലുണ്ടായിരുന്ന വാഹനം അങ്കിത് ദാസ് എന്ന ബിജെപി നേതാവിന്റേതാണ്. ഒളിവിലുള്ള അങ്കിത് ദാസിനെക്കുറിച്ച് പിന്നീടു വിവരമൊന്നും കിട്ടിയില്ലെന്നാണ് ആശിഷിന്റെ മൊഴി.

Top