ലഖിംപൂര്‍ ഖേരി ആക്രമണം: നാല് പേര്‍ കൂടി അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകത്തില്‍ വീണ്ടും അറസ്റ്റ്. കര്‍ഷകര്‍ക്ക് ഇടയിലേക്ക് ഇടിച്ചു കയറ്റിയ എസ്‌യുവിയില്‍ ഉണ്ടായിരുന്ന ബിജെപി നേതാവ് ഉള്‍പ്പെടെ നാല് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സുമിത് ജയ്‌സ്വള്‍, ശിശുപാല്‍, നന്ദന്‍ സിങ് ബിഷ്ത്, സത്യപ്രകാശ് ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. ലഖിംപൂര്‍ പൊലീസും ക്രൈംബ്രാഞ്ച് സ്വകാഡ് സംഘവും അറസ്റ്റ് ചെയ്തത്.

സത്യപ്രകാശ് ത്രിപാഠിയില്‍ നിന്നും റിവോള്‍വറും മൂന്ന് ബൂള്ളറ്റുകളും കണ്ടെടുത്തുവെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷകരുടെ മുകളിലൂടെ വാഹനം ഇടിച്ച് കയറ്റി എസ്‌യുവിയില്‍ നിന്ന് രക്ഷപ്പെടുന്ന ബിജെപി നേതാവ് സുമിത് ജയ്‌സ്വാളിന്റെ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു.

ഒക്ടോബര്‍ മൂന്നിനായിരുന്നു ഉത്തര്‍ പ്രദേശിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്കിടയില്‍ വാഹനവ്യൂഹം ഇടിച്ച് കയറ്റിയതിനെ തുടര്‍ന്ന് എട്ട് പേര്‍ കൊല്ലപ്പെട്ടത്. ഒരു മാധ്യമപ്രവര്‍ത്തകനും നാലു കര്‍ഷകരുമുള്‍പ്പെടെയായിരുന്നു അന്ന് മരിച്ചത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഒക്‌ടോബര്‍ ഒമ്പതിന് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകകുറ്റമുള്‍പ്പെടെ ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Top