ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി, ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.

ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കണമോ എന്ന കാര്യം അധികൃതരുടെ പരിഗണനയിലാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടില്ല. കേസിലെ സാക്ഷിക്കെതിരെയുള്ള അക്രമം ഹോളി ആഘോഷത്തിനിടെയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണെന്നും യു.പി. സര്‍ക്കാര്‍ അറിയിച്ചു. ലഖിംപുര്‍ ഖേരി സംഭവത്തിന്റെ ഗൗരവം അലഹബാദ് ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് ഇരകളുടെ കുടുംബങ്ങളുടെ പരാതി.

ഈ മാസം 10നാണ് കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നദിവസം തന്നെയാണ് ജാമ്യം ലഭിച്ചത്.

 

Top