ലഖിംപൂര്‍ ആക്രമണം: കേന്ദ്ര സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് അഖിലേഷ് യാദവ്

സഹറന്‍പൂര്‍: ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കര്‍ഷകരെ ചവിട്ടിയരച്ച അക്രമികള്‍ക്ക് ഭരണഘടന ചവിട്ടിമെതിക്കാനും മടിയുണ്ടാകില്ലെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അവര്‍ കര്‍ഷകരെ തീവ്രവാദികളായി മുദ്രകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹറന്‍പൂരില്‍ നടത്തിയ പൊതു സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നാം കണ്ടു. ലഖിംപൂരിലും അവരുടെ പ്രവര്‍ത്തി നാം കണ്ടു. കര്‍ഷകരെ വാഹനങ്ങളുപയോഗിച്ച് തട്ടിത്തെറിപ്പിച്ചു.’ അഖിലേഷ് പറഞ്ഞു. നിയമത്തെയും ചവിട്ടിമെതിക്കാന്‍ അവിടെ ശ്രമമുണ്ടായിരുന്നെന്നും കര്‍ഷകരെയും നിയമത്തെയും ചവിട്ടിമെതിക്കുന്നവര്‍ ഭരണഘടനയെയും അത്തരത്തില്‍ തകര്‍ക്കുമെന്നും ആദ്ദേഹം ആരോപിച്ചു.

അന്നദാതാവായ കര്‍ഷകന് ഇന്ന് അധിക്ഷേപം കേള്‍ക്കേണ്ടി വരുന്നു. നാളെ അവര്‍ കഴിയുമെങ്കില്‍ നിങ്ങളെ തീവ്രവാദികളെന്ന് വിളിക്കുമെന്നും അഖിലേഷ് പറഞ്ഞു. എന്നാല്‍ നിരവധി തവണ ബിജെപി അധിക്ഷേപിച്ചിട്ടും പിന്മാറാക്ക കര്‍ഷകരെ അഖിലേഷ് യാദവ് അഭിനന്ദിച്ചു. യുപി സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച അഖിലേഷ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിയും ആവശ്യപ്പെട്ടു. വരുംനാളുകളില്‍ ബിജെപിയെ യുപിയിലെ ജനങ്ങള്‍ തുടച്ച് നീക്കുമെന്നും അഖിലേഷ് പ്രത്യാശ പ്രകടിപ്പിച്ചു.

Top