ലേക്ക് പാലസ്; റിസോര്‍ട്ട് ക്രമവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

ആലപ്പുഴ: ലേക്ക് പാലസ് റിസോര്‍ട്ട് ക്രമവത്കരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് തിരിച്ചടി. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ക്രമവത്കരിക്കാനുള്ള അന്തിമ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് അവകാശം ഇല്ലെന്നും നികുതി നിര്‍ണയത്തില്‍ മാത്രം സര്‍ക്കാര്‍ ഇടപെട്ടാല്‍ മതിയെന്നും സീനിയര്‍ കൗണ്‍സിലിന്റെ നിയമോപദേശം. 35 ലക്ഷം രൂപ ഈടാക്കി റിസോര്‍ട്ട് ക്രമവത്കരിക്കാനുള്ള ഉത്തരവാണ് ഇതോടെ തടസ്സപ്പെട്ടിരിക്കുന്നത്.

റിസോര്‍ട്ടില്‍ നിന്ന് 2.71 കോടി പിഴയായി ഈടാക്കാനുള്ള നഗരസഭാ തീരുമാനത്തിന്മേല്‍ അന്തിമ തീരുമാനമെടുക്കേണ്ടത്, സര്‍ക്കാരല്ല മറിച്ച് കോടതിയോ തദ്ദേശ സ്വയംഭരണ ട്രിബ്യൂണലോ ആണെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുകയില്ല.

സാധാരണ ഗതിയിലുള്ള നികുതി വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാം. എന്നാല്‍ നികുതിയും പിഴയും ഇട്ട വിഷയത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. അതിനാല്‍ ഉത്തരവ് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനുള്ള അവകാശം നഗരസഭാ കൗണ്‍സിലിനുണ്ട്.

റിസോര്‍ട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് 2.71 കോടി രൂപയാണ് നഗരസഭ പിഴയിട്ടത്. ഇത് വെട്ടിക്കുറച്ച് 35 ലക്ഷമാക്കി നഗരസഭാ റീജിയണല്‍ ഡയറക്ടര്‍ ജൂണ്‍ ആദ്യമാണ് ഉത്തരവിറക്കിയത്. അതിനൊപ്പം കെട്ടിടങ്ങള്‍ ക്രമവത്കരിക്കാനും ലൈസന്‍സ് പുതുക്കി നല്‍കാനുമുള്ള അപേക്ഷകളിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.

Top