ലഗേജിന് അധിക ഭാരം; ഇപ്പോള്‍ പരിഹരിക്കാമെന്ന് യാത്രക്കാരനും, വൈറലായി ഈ വീഡിയോ

പാരിസ്: വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ലഗ്ഗേജിന്റെ കനം കൂടിയാലുള്ള പൊല്ലാപ്പുകള്‍ പലരും അനുഭവിക്കാറുള്ളതാണ്. കൊണ്ടുവന്നതെല്ലാം ഭാരക്കൂടുതലിന്റെ പേരില്‍ ഉപേക്ഷിക്കേണ്ടി വരുന്നതും സ്ഥിര സംഭവങ്ങളാണ്.

എന്നാല്‍ ഒരു രൂപ പോലും അധികം കൊടുക്കാതെ എട്ട് കിലോ അധിക ലഗേജ് കൊണ്ടുവരാന്‍ ഒരു വിദേശി പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

സ്‌കോട്ട്‌ലന്റുകാരനായ ജോണ്‍ ഇര്‍വിന്‍ എന്നയാളെ ഫ്രാന്‍സിലെ ഒരു വിമാനത്താവളത്തിലാണ് അധിക ലഗേജിന്റെ പേരില്‍ ജീവനക്കാര്‍ പിടിച്ചുനിര്‍ത്തിയത്. അനുവദനീയമായ പരിധിയിലും എട്ട് കിലോഗ്രാം അധികം ലഗേജുണ്ടെന്നും അതിന് പണമടയ്ക്കണമെന്നുമായിരുന്നു ഈസി ജെറ്റ് എയര്‍ലൈന്‍ അധികൃതരുടെ ആവശ്യം. എന്നാല്‍ പണം നല്‍കാതിരിക്കാനായി താന്‍ കൊണ്ടുവന്ന ബാഗ് തുറന്ന് വസ്ത്രങ്ങളെല്ലാം ഇയാള്‍ പുറത്തെടുക്കുകയായിരുന്നു.

തുടര്‍ന്ന് ഒന്നിനു മുകളില്‍ ഒന്നായി 15 ടീ ഷര്‍ട്ടുകളും അദ്ദേഹം തന്നെ ധരിച്ചു. ഇതോടെ ലഗേജില്‍ അധികമുണ്ടായിരുന്ന എട്ട് കിലോഗ്രാമിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ശരീരത്തില്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഭാരം കണക്കാക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാര്‍ക്ക് നടപടി എടുക്കാന്‍ കഴിഞ്ഞില്ല.

വിമാനത്താവളത്തിലെ കൗണ്ടറിന് മുന്നില്‍ വെച്ച് ടീ ഷര്‍ട്ടുകള്‍ ധരിക്കുന്ന ഇര്‍വിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്ന മകനാണ് പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

Top