ഹൈടെക് ലാബിനെതിരെ ‘ഹൈടെക്’ ആരോപണം, പിന്നില്‍ ഹിഡന്‍ അജണ്ട

കൊച്ചി: പ്രമുഖ ലാബായ ഹൈടെക്കിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം. ഇതിന് പിന്നില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആക്ഷേപമാണ് ഉയര്‍ന്ന് വരുന്നത്. ഇപ്പോള്‍ ഹൈടെക് ലാബിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്നാണ് ലാബ് അധികൃതരും ചൂണ്ടിക്കാട്ടുന്നത്.

ഒരു യുവതി ലാബിന് എതിരെ ഉന്നയിച്ച ആരോപണം തന്നെ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും തങ്ങളുടെ ഭാഗം പോലും കേള്‍ക്കാതെയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഈ വിഷയം കൈകാര്യം ചെയ്തതെന്നുമാണ് ലാബ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

എറണാകുളം ഹൈടക് ലാബില്‍ ഒക്ടോബര്‍ 19-ാം തിയതീ യുവതി 800രൂപയുടെ അബ്ഡോമന്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്യുവാന്‍ വരികയും 16 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ.അമ്പിളി ചന്ദ്രന്‍ ഈ യുവതിയെ പരിശോധിച്ച് കോറിലേഷന്‍ വിത്ത് ട്യൂമര്‍ മാര്‍ക്സ് എന്ന ബ്ലഡ് ടെസ്റ്റ് എഴുതുകയും ചെയ്തിട്ടുള്ളതാണ്.

ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം യുവതി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോ.മായാദേവി കുറുപ്പ് എന്ന ഗൈനക്കോളജിസ്റ്റിനെ കാണുകയും ഈ ബ്ലഡ് ടെസ്റ്റുകള്‍ നടത്തുകയുമുണ്ടായത്രേ. റിപ്പോര്‍ട്ട് നോര്‍മല്‍ ആണെന്ന് വ്യക്തമായതോടെ അവര്‍ അപ്പോള്‍ തന്നെ സ്വമേധയാ ആവശ്യപ്പെട്ട പ്രകാരം എം.ആര്‍.ഐ എടുക്കുകയുമായിരുന്നു.

എന്നാല്‍ ഇതിന് ശേഷം ഹൈടെക് ലാബില്‍ എത്തിയ യുവതി ലാബില്‍ നിന്ന് തന്ന റിപ്പോര്‍ട്ടില്‍ ട്യൂമര്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് ഡോ. അമ്പിളി ചന്ദ്രനുമേല്‍ തട്ടി കയറുകയായിരുന്നുവത്രേ. യുവതി 40,000 രൂപ നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞ് ബഹളം വെച്ചതായാണ് ദൃക്‌സാക്ഷികളും പറയുന്നത്.

ലാബ് കൊടുത്ത റിപ്പോര്‍ട്ടില്‍ ട്യൂമര്‍ മാര്‍ക്കേഴ്സ് എന്ന് പറയുന്നത് ബ്ലഡ് ടെസ്റ്റ് ആണെന്നും ട്യൂമര്‍ എന്ന് തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്നുമാണ് ലാബ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ആരുടേയോ പ്രേരണ ഇതിന് പിന്നില്‍ ഉണ്ടെന്നാണ് അവരുടെ സംശയം. ലാബ് അധികൃതര്‍ ഇങ്ങനെ സംശയിക്കാനും കാരണമുണ്ട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യം തെളിവുകള്‍ സഹിതം പരാതി നല്‍കുന്നതിന് പകരം പെട്ടെന്ന തന്നെ തന്റെ ഫെയ്സ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ട് പ്രതിഷേധിക്കുകയാണ് യുവതി ചെയ്തത്. തനിക്ക് ഹൈടെക് ലാബില്‍ നിന്നും ക്യാന്‍സര്‍ റിപ്പോര്‍ട്ട് തന്നൈന്നും ,ആസ്റ്ററില്‍ ചെന്നപ്പോള്‍ ക്യാന്‍സര്‍ ഇല്ലെന്ന പറഞ്ഞെന്നുമാണ് ഫെയ്‌സ് ബുക്ക് ലൈവില്‍ അവര്‍ ആരോപിച്ചിരുന്നത്. ട്യൂമര്‍ മാര്‍കേഴ്സ് എന്നത് ബ്ലഡ് ടെസ്റ്റ് ആണെന്ന് അറിയാതെയാണ് യുവതി ഗുരുതരമായ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരുന്നത്. യുവതിയുടെ ലൈവ് ശ്രദ്ധയില്‍ പെട്ടതോടെ ‘കാള പെറ്റെന്ന’ രൂപത്തില്‍ കയറെടുക്കാന്‍ ഓടുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗവും ചെയ്തിരുന്നത്. സ്വാഭാവികമായും യുവതിയുടെ പ്രതികരണത്തെ ഗൗരവമായി കണ്ടാണ് ഈ വിഭാഗം ലാബിനെ കടന്നാക്രമിച്ചിരുന്നത്.

അതേസമയം നിജസ്ഥിതി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സംയമനം പാലിച്ചിരുന്നു. എന്നാല്‍ ഒരു നിയന്ത്രണവും ഇല്ലാത്ത സോഷ്യല്‍ മീഡിയയിലെ ‘പ്രതികരണ’ വിഭാഗം ഇപ്പോഴും യുവതിയുടെ വീഡിയോ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയുടെ നേതൃത്വത്തില്‍ 10 അംഗ സീനിയര്‍ റോഡിയോളജിസ്റ്റുകളും യുവതിയെ പരിശോധിച്ച ഡോ.മായാദേവി കുറുപ്പും പുറത്തു വന്ന വിവരങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

Staff Reporter

Top