ഭർത്താവിനെ കൊന്ന യുവതിയെ കുടുക്കിയത് ഗൂഗിൾ സെർച്ച് ഹിസ്റ്ററി

ഭോപ്പാൽ:  കൊലക്കേസിന്‍റെ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ചത് ഗൂഗിൾ സെർച്ച് ഹിസ്റ്ററി. കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയെയാണ് മധ്യപ്രദേശ് പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. മധ്യപ്രദേശിലെ ഹർദ ജില്ലയിലാണ് സംഭവം.

“കൊലപാതക രീതികൾ”, “മൃതദേഹം സംസ്കാരിക്കാനുള്ള വഴികൾ” തുടങ്ങിയ കാര്യങ്ങൾ യുവതി ഇന്‍റർനെറ്റിൽ സെർച്ച് ചെയ്തിരുന്നെന്നാണ് റിപ്പോർട്ട്. ജൂൺ 18നാണ് തന്‍റെ ഭർത്താവ് അമീർ കൊല്ലപ്പെട്ടെന്ന് യുവതി പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യം കവർച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതിയത്.

എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളിൽ നിന്നും മറ്റും കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും കൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചു. ഇതിൽ നിന്ന് ഇർഫാൻ എന്ന യുവാവുമായി യുവതി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്ന് തെളിഞ്ഞു. സംശയം ബലപ്പെട്ടതോടെ യുവതിയുടെ ഇന്‍റർനെറ്റ് സെർച്ച് ഹിസ്റ്ററിയും പൊലീസ് പരിശോധിക്കുകയായിരുന്നു.

യുവതിയുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററിയിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കൊലപാതക രീതികൾ, കയ്യും കാലും കെട്ടാനുള്ള വഴികൾ, മൃതദേഹം എങ്ങനെ മറവ് ചെയ്യാം എന്നിവ യുവതി ഗൂഗിളിൽ തിരഞ്ഞിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

Top