വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്തു ; യുവതിക്ക് പിഴയിട്ട് കോടതി

ദുബായ്: വീട്ടില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ നശിപ്പിച്ച യുവതിയെ കോടതി ശിക്ഷിച്ചു. മനപൂര്‍വം ക്യാമറകൾ തകര്‍ത്ത ഭാര്യക്കെതിരെ ഭർത്താവാണ് കോടതിയെ സമീപിച്ചത്. പരാതിയിന്മേൽ പിഴ വിധിച്ച് യുഎഇ കോടതി. താന്‍ വീടിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ തകര്‍ത്തുവെന്നാരോപിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കോടതി വിധി.

യുവതി 5,000 ദിര്‍ഹം നഷ്ടപരിഹാരമായി ഭര്‍ത്താവിന് നല്‍കാനാണ് അല്‍ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചത്.
അറബ് വംശജനാണ് ഭാര്യക്കെതിരെ കോടതിയെ സമീപിച്ചത്. സിസിടിവിയുടെ വിലയായ 2,050 ദിര്‍ഹവും മറ്റ് വസ്തുക്കളുടെയും മാനസികമായ ആഘാതത്തിന്റെയും നഷ്ടപരിഹാരമായി 15,000 ദിര്‍ഹവും നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു ആവശ്യം.

വീടിന്റെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷണവും കണക്കിലെടുത്താണ് വീടിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് പരാതിയില്‍ യുവാവ് വ്യക്തമാക്കി. എന്നാല്‍, ഭാര്യ കത്തി ഉപയോഗിച്ച് ക്യാമറകള്‍ നശിപ്പിക്കുകയായിരുന്നു. എന്തിനാണ് ഭാര്യ ഇങ്ങിനെ ചെയ്തത് എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്. അതുകൊണ്ടാണ് താന്‍ പരാതിയുമായി കോടതിയെ സമീപിച്ചതെന്നും യുവാവ്. പറഞ്ഞു.

Top