അതിര്‍ത്തി തര്‍ക്കം; ഇന്ത്യ- ചൈന സൈനികതല ചര്‍ച്ച നാളെ

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ എട്ടു മണിക്ക് ചുസുള്‍- മോള്‍ദൊ അതിര്‍ത്തി പോയിന്റില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഇരുസേനകളുടെയും ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള സൈനികോദ്യോഗസ്ഥരാകും പങ്കെടുക്കുക.

ഇരുഭാഗത്തുനിന്നും പത്ത് പേരടങ്ങുന്ന സംഘമാണ് ചര്‍ച്ചക്കെത്തുക. സൈനിക തലത്തില്‍ നടന്ന വിധ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ലഫ്റ്റനന്റ് ജനറല്‍ തലത്തില്‍ ചര്‍ച്ച നടക്കാന്‍ പോകുന്നത്.

അതേസമയം നാളെ നടക്കുന്ന ചര്‍ച്ചയില്‍ ചൈനയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കേണ്ടതിലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സൈനിക സാന്നിധ്യം കുറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് ചൈന തയ്യാറായാലേ ചര്‍ച്ച വിജയിക്കൂ എന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും തമ്മിലുള്ളത്. എന്നാല്‍ അതിര്‍ത്തി വ്യക്തമായി നിര്‍വചിച്ചിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ നിയന്ത്രണ രേഖയെന്നാണ് ഇതിനെ വിളിക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണരേഖ എന്ന പേരില്‍ അവ്യക്തമായി കിടക്കുന്ന അതിര്‍ത്തി ചൈനീസ് പട്ടാളം മനപൂര്‍വ്വം കടന്നതാണ് ഇത്തവണത്തെ സംഘര്‍ഷത്തിന് കാരണം.

വടക്കുകിഴക്കന്‍ മേഖലയിലെ ദോക്ക്ലാമില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയ ശേഷം ചൈന ഏകപക്ഷീയമായി നിര്‍മ്മാണപ്രവര്‍ത്തനം അതിര്‍ത്തിയില്‍ നിന്ന് ഏറെ അകലെയല്ലാതെ തുടര്‍ന്നിരുന്നു. സമാനസ്ഥിതിയിലേക്ക് നയിക്കുന്ന വിട്ടുവീഴ്ച വേണ്ടെന്നാണ് ഇപ്പോള്‍ ഇന്ത്യയുടെ തീരുമാനം.

Top