സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി കാല്‍ഭാഗവും നാഥനില്ലാ കളരികള്‍; 3810 അധ്യാപകരും ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍-അധ്യാപ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. പ്രിന്‍സിപ്പല്‍മാരുടെ 171 ഒഴിവുകളിലും, യുപി സ്‌കൂളുകളില്‍ 1085, എല്‍പി സ്‌കൂളുകളില്‍ 2725 എന്ന ക്രമത്തിലുമാണ് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത്.

പ്രമോഷന്‍ നിയമനത്തിനായി ഒഴിച്ചിട്ടിരിക്കുന്ന പ്രിന്‍സിപ്പല്‍ ഒഴിവുകളാണിത്. നിലവിലുള്ള പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം ഏതാണ്ടു പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറി അധ്യാപകരില്‍നിന്നു സ്ഥാനക്കയറ്റം ലഭിക്കുന്നവരെയാണ് ഈ 171 ഒഴിവില്‍ നിയമിക്കേണ്ടത്.

എന്നാല്‍, ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തിനൊപ്പം സ്ഥാനക്കയറ്റവും നടത്തിയാലേ അധ്യാപക ഒഴിവുകള്‍ പൂര്‍ണമായി നികത്താനാവൂ. ഇതേസമയം, അധ്യാപക സ്ഥലംമാറ്റം കേസില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഈ സാഹചര്യത്തില്‍ 171 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പലില്ലാത്ത അവസ്ഥയായി. അതായത്, സംസ്ഥാനത്തുള്ള 813 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഏകദേശം കാല്‍ ഭാഗം സ്‌കൂളുകളിലും പ്രിന്‍സിപ്പലില്ല.

അതേസമയം, പ്രിന്‍സിപ്പല്‍മാരായി പ്രമോഷന്‍ നല്‍കേണ്ടവരുടെ ഡിപിസി ലിസ്റ്റ് നിലവിലുണ്ടെന്നും അര്‍ഹരായവര്‍ക്കു പ്രമോഷന്‍ നല്‍കുന്നതിനു നടപടി സ്വീകരിച്ചു വരുന്നതായും നിയമസഭയില്‍ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.

സര്‍ക്കാര്‍ യുപി, എല്‍പി സ്‌കൂളുകളില്‍ പിഎസ്സി നിയമനം നടത്താതെ സ്ഥലംമാറ്റത്തിലൂടെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക പരിഹാരമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top