നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പോരായ്മ; അഞ്ച് സഹകരണ ബാങ്കുകള്‍ക്ക് പണ പിഴ ചുമത്തി റിസര്‍വ് ബാങ്ക്

ഡല്‍ഹി: നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അഞ്ച് സഹകരണ ബാങ്കുകള്‍ക്ക് പണ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി സഹ്യാദ്രി സഹകാരി ബാങ്ക് ലിമിറ്റഡ്, റഹിമത്പൂര്‍ സഹകാരി ബാങ്ക് ലിമിറ്റഡ്, ഗാധിംഗ്ലാജ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി കല്യാണ്‍ ജനത സഹകാരി ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകള്‍ക്കാണ് പിഴ.

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്റെ ചില വകുപ്പുകള്‍ ലംഘിച്ചതിന് ഗാധിംഗ്ലാജ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. ‘നിക്ഷേപങ്ങളുടെ പലിശനിരക്ക്’, ‘നിക്ഷേപ അക്കൗണ്ടുകളുടെ പരിപാലനം’ എന്നിവയില്‍ ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് മഹാരാഷ്ട്രയിലെ കല്യാണിലെ കല്യാണ്‍ ജനത സഹകാരി ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് 4.50 ലക്ഷം രൂപ പിഴ ചുമത്തി.

13 ലക്ഷം രൂപയാണ് ഗുജറാത്തിലെ കില്ല പാര്‍ഡിയിലുള്ള എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. നിക്ഷേപങ്ങളുടെ പലിശ നിരക്ക്’ സംബന്ധിച്ച് ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരം ആര്‍ബിഐക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.

മുംബൈയിലെ സഹ്യാദ്രി സഹകാരി ബാങ്ക് ലിമിറ്റഡിന് 6 ലക്ഷം രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തി. കെവൈസി നിയമങ്ങള്‍ ലംഘിച്ചതിനാണ് പിഴ. കൂടാതെ സഹ്യാദ്രി സഹകാരി ബാങ്ക് ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് അര്‍ഹമായ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നില്ല, കൂടാതെ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ വാര്‍ഷിക അവലോകനം നടത്തിയിട്ടില്ല എന്നതും പിഴയ്ക്ക് കാരണമായി.

Top