വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സ്വന്തം സംസ്ഥാനത്തെത്തിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെയുള്ളവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ കേന്ദ്രാനുമതി. സംസ്ഥാനങ്ങള്‍ പരസ്പരം തീരുമാനിച്ച് ബസുകളില്‍ ഇവരുടെ മടക്കം നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാന്‍ പ്രത്യേക തീവണ്ടികള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ബസുകളില്‍ ഇവരെ മടക്കികൊണ്ടുപോകാനാണ് കേന്ദ്രം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അനുവാദം നല്‍കിയിരിക്കുന്നത്. മടങ്ങുന്ന എല്ലാവരുടെയും പ്രാഥമിക പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലെന്ന് ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിച്ച് ബസുകളില്‍ ഇവരെ കൊണ്ടുപോകണം. കൂടുതല്‍ സംസ്ഥാനങ്ങള്‍ വഴി യാത്ര വേണ്ടിവരുന്നെങ്കില്‍ അവര്‍ ഈ ബസുകള്‍ക്ക് അനുമതിയും നല്‍കണം.

സംസ്ഥാനങ്ങളില്‍ മടങ്ങിയെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ആവശ്യമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം. ലോക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഈ ആഴ്ച തീരുമാനം വരാനിരിക്കെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് കേന്ദ്രം അംഗീകാരം നല്‍കിയത്.

Top