ആനുകൂല്യം ലഭ്യമാകാന്‍ വ്യാജ ഗര്‍ഭം: മാവ് കുഴച്ച് ചാപിള്ളയെ ഉണ്ടാക്കി !

മധ്യപ്രദേശ്: ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപറ്റാന്‍ ഗര്‍ഭിണിയെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം.

ആചാരങ്ങള്‍ക്ക് വിപരീതമെന്ന് ചൂണ്ടിക്കാട്ടി ചാപിള്ളയായി പിറന്ന കുഞ്ഞിന്റെ മുഖം കാണിക്കാന്‍ യുവതി തയ്യാറായില്ല. പിന്നീട് ചാപിള്ളയെന്ന് പറഞ്ഞ് യുവതി കാണിച്ചത് സത്യത്തില്‍ മാവ് കുഴച്ചുണ്ടാക്കിയ രൂപം മാത്രമാണെന്ന് ആശുപത്രി അധികൃതര്‍ കണ്ടെത്തി.വിജയാവതി മോഹര്‍സിന്‍ ഖുശ്വാന്‍ എന്ന സ്ത്രീയാണ് ഇത്തരത്തില്‍ ആശുപത്രി അധികൃതരെ തെറ്റിധരിപ്പിച്ചത്.

മുഖ്യമന്ത്രി ശ്രമിക് സേവ പ്രസുതി സഹായത യോജന പ്രകാരം ഗര്‍ഭിണികള്‍ക്ക് ലഭിക്കുന്ന 16,000 രൂപ ലക്ഷ്യംവെച്ചായിരുന്നു യുവതിയുടെ നാടകമെന്ന് കൈലാരസ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ എസ്ആര്‍ മിശ്ര പറഞ്ഞു.

ആശ വര്‍ക്കറുടെ ഒപ്പമാണ് യുവതി ആശുപത്രിയില്‍ എത്തിയത്. അതേസമയം,മതിയായ പരിശോധനകളില്ലാതെ യുവതിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന ആശാ വര്‍ക്കര്‍ക്ക് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Top