രാജ്യത്തെ തൊഴില്‍മേഖലകളിലെ ശമ്പളം അടുത്തവര്‍ഷം 10 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലകളിലെ ശമ്പളം അടുത്തവര്‍ഷം ശരാശരി 10 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2018ലെ യഥാര്‍ത്ഥ ശമ്പള വര്‍ധനയ്ക്ക് സമാനമാണ് ഇത്. ആഗോള അഡൈ്വസറി, ബ്രോക്കിംഗ് ആന്‍ഡ് സൊല്യൂഷന്‍സ് കമ്പനിയായ വില്ലിസ് ടവേഴ്‌സ് വാട്‌സണ്‍ പുറത്തിറക്കിയ 2018 മൂന്നാംപാദ സാലറി ബഡ്ജറ്റ് പ്ലാനിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ ശമ്പള വര്‍ധന ഏഷ്യാ പസഫിക് മേഖലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിലയാണ്. ഇന്തോനേഷ്യയില്‍ 8.3 ശതമാനം, ചൈനയില്‍ 6.9 ശതമാനം, ഫിലീപ്പിയന്‍സില്‍ ആറ് ശതമാനം, ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നാല് ശതമാനം എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് പ്രകാരം ശമ്പളവര്‍ധന സംബന്ധിച്ച നിഗമനം.

അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള വ്യാപാരം(48%), എന്‍ജിനിയറിംഗ്(45%), ഐടി(39%), മാര്‍ക്കറ്റിംഗ്(15%) എന്നീ നാല് മേഖലകളിലേക്കാണ് പ്രധാനമായും കമ്പനികള്‍ വിദ്ഗധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം എക്‌സിക്യുട്ടീവ് തലത്തില്‍ 2019ല്‍ 9.8 ശതമാനം ശമ്പള വര്‍ധനവാണ് ഉണ്ടാവുക. 2018ല്‍ ഇത് 9.7 ശതമാനമായിരുന്നു. മാനേജ്‌മെന്റ്, ഉല്‍പ്പാദനം, യന്ത്രരഹിത തൊഴില്‍ (മാന്വല്‍ലേബര്‍) എന്നീ മേഖലകളില്‍ പത്ത്‌ ശതമാനം വര്‍ധനവാണ് ഉണ്ടാവുക.

കഴിഞ്ഞ വര്‍ഷം 10.1 ശതമാനമായിരുന്നു ഇത്. 2019ല്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയാണ് ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധനവ് രേഖപ്പെടുത്തിയത്. ഏകദേശം 10.3 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയില്‍ ചില്ലറ വ്യാപാര മേഖലയില്‍ 10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുക. മേഖലയുടെ പ്രകടനം, ഉപഭോക്തൃ ആത്മവിശ്വാസം, പര്‍ച്ചേസിംഗ് ശേഷി എന്നിവയിലുണ്ടാകുന്ന പുരോഗതി ഈ മേഖലയുടെ തിരിച്ചുവരവിനെ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top