തൊഴിലാളി ക്ഷാമം; കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കാനഡ

കാനഡ: 2025 ഓടെ കുടിയേറ്റക്കാരുടെ എണ്ണം പ്രതി വര്‍ഷം അഞ്ച് ലക്ഷമാക്കുമെന്ന് അറിയിച്ച് കാനഡ. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് തീരുമാനം. കാനഡ ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസെയാണ് പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചത്. അനുഭവപരിചയമുള്ള കൂടുതല്‍ തൊഴിലാളികളെ പെര്‍മനന്റ് റസിഡന്‍സാക്കുമെന്നും പറഞ്ഞു. പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തീരുമാനം അംഗീകരിച്ചു.

കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തിലധികം പേരെയാണ് സ്ഥിരതാമസക്കാരായി ഇമിഗ്രേഷന്‍ വകുപ്പ് പ്രവേശിപ്പിച്ചത്. 2023 ല്‍ 4.65 ലക്ഷം ആളുകളാണ് സ്ഥിരതാമസത്തിനെത്തുന്നത്. 2024 ല്‍ അതിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴിലാളികളുടെ ക്ഷാമം മൂലം ആരോഗ്യം, നിര്‍മാണ മേഖലകളില്‍ ഉള്‍പ്പടെ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സീന്‍ ഫ്രേസ് പറഞ്ഞു. പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ ദശലക്ഷത്തോളം തൊഴില്‍ ഒഴിവുകള്‍ നികത്തുമെന്നാണ് പ്രതീക്ഷ.

2030 ഓടെ ഏകദേശം കാനഡയിലെ ജസംഖ്യയുടെ നാലിലൊന്ന് വിരമിക്കും. ഒഴിവുകള്‍ നികത്താന്‍ കഴിയാത്തതിന്റെ പ്രധാന കാരണം പലര്‍ക്കും നൈപുണ്യം ഇല്ലാ എന്നതാണ്. നിലവില്‍ 9 ലക്ഷത്തിലധികം ഒഴിവുകളാണ് കാനഡയിലുള്ളത്. മറ്റേത് രാജ്യത്തേക്കാളും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കുടിയേറ്റ പദ്ധതിയുടെ ഭാഗമായി അഭയാര്‍ഥികളെ പുനരധിവസിപ്പിച്ചിരുന്നു. ഐക്യരാഷ്ട്ര അഭയാര്‍ഥി ഏജന്‍സിയും പദ്ധതി സ്വാഗതം ചെയ്തു.

Top