ലാ ലിഗയുടെ സൗഹൃദ മത്സരങ്ങള്‍ ഇന്ത്യയില്‍ ; വ്യക്തമായ തീരുമാനം ഉടന്‍

la liga

മാഡ്രിഡ്: ഇന്ത്യന്‍ ഫുട്‌ബോളിലും ആരാധകര്‍ക്കിടയിലും ആവേശമുണര്‍ത്താന്‍ ലാലിഗ ഒന്നാം ഡിവിഷന്‍ ക്ലബുകളുടെ സൗഹൃദ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ സാധ്യത. ഇത് സംബന്ധിച്ച തീരുമാനങ്ങളില്‍ വ്യക്തമായ തീരുമാനങ്ങള്‍ ഉടന്‍തന്നെ ഉണ്ടാകുമെന്ന് ലാലിഗയില്‍ ഇന്ത്യയുടെ തലവനായ ഹൊസേ കഷാസേ പറഞ്ഞു.

പ്രമുഖ കായിക മാധ്യമമായ ഗോളിന് നല്‍കിയ അഭിമുഖത്തിലാണ് ഹൊസെ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ക്രിക്കറ്റിനു ശേഷം ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഫുട്‌ബോളിനാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വെച്ച് ലാലിഗ ക്ലബുകളുടെ സൗഹൃദ മത്സരം നടത്താനുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതെപ്പോഴാണെന്ന് പറയാനാകില്ലെന്നും ഹൊസെ വ്യക്തമാക്കി.

ഇന്ത്യയില്‍ സ്പാനിഷ് ലീഗിന് വലിയ ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങള്‍ വഴി ലാലിഗക്ക് വലിയ പിന്തുണയാണ് ഇന്ത്യയിലെ ആരാധകര്‍ നല്‍കുന്നതെന്നും ഹൊസെ പറഞ്ഞു. ഐഎസ്എല്‍ ക്ലബുകളുമായി മികച്ച ബന്ധമാണ് ലാലിഗക്കുള്ളതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എന്നാല്‍ ലാലിഗയും ഇന്ത്യന്‍ ക്ലബുകളും തമ്മില്‍ ഔദ്യോഗികമായി ബന്ധമോ കരാറുകളോ ഇല്ലെന്നും ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് അവരെ എങ്ങനെ സഹായിക്കാമെന്നതാണ് ഇപ്പോഴത്തെ പ്രധാന പരിഗണനയെന്നും ഹൊസേ വ്യക്തമാക്കി.

Top