മോദിക്ക് എതിരെ പാളയത്ത് പടയോ ? ആർ.എസ്.എസ് നിലപാട് നിർണ്ണായകം

ല്‍.കെ അദ്വാനിയെ വെട്ടി നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി വാഴിച്ച ആര്‍.എസ്.എസ്, മോദിയുടെ പകരക്കാരനായി നിധിന്‍ ഗഡ്ക്കരിയെ ഉയര്‍ത്തികാട്ടുമോ? വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ നീക്കങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ആര്‍.എസ്എസിന്റെ തീരുമാനങ്ങള്‍ അതേപടി നടപ്പാക്കുന്ന ചുമതല മാത്രമേ അതിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പിക്കുള്ളൂ. കേവലം രണ്ട് എം.പിമാരുമായി പാര്‍ലമെന്റിന്റെ ഒരു മൂലയിലൊതുങ്ങിയ ജനസംഘം പിന്നീട് ബി.ജെ.പിയായി ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി വളര്‍ന്നതിനു പിന്നില്‍ ലാല്‍കിഷന്‍ അദ്വാനിയുടെ ത്യാഗപൂര്‍ണ്ണമായ പരിശ്രമങ്ങളുണ്ടായിരുന്നു.

രാമക്ഷേത്ര വിഷയമുയര്‍ത്തി അദ്വാനി നടത്തിയ രഥയാത്രയോടെ വളര്‍ന്ന ഹിന്ദുത്വവികാരമാണ് 1996ല്‍ അടല്‍ ബിഹാരി വാജ്‌പേയിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയത്. 13 ദിവസത്തെ പ്രധാനമന്ത്രി പദത്തിനുശേഷം രാജിവെച്ചൊഴിഞ്ഞ വാജ്‌പേയിയെ 98ലും 99 മുതല്‍ 2004വരെയും പ്രധാനമന്ത്രിയാക്കിയതിനു പിന്നിലെ രാഷ്ട്രീയ തന്ത്രജ്ഞന്‍ അദ്വാനിയായിരുന്നു. വാജ്‌പേയിയ്ക്കു പിന്നില്‍ ഉപമുഖ്യമന്ത്രിയായി ബി.ജെ.പിയിലെ രണ്ടാമനായ അദ്വാനി പിന്നീട് പ്രതിപക്ഷനേതാവായി ബി.ജെ.പിയുടെ അമരക്കാരനുമായി.

പാക്കിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ മുഹമ്മദലി ജിന്നയെ അദ്വാനി പ്രശംസിച്ചതാണ് അര്‍.എസ്.എസ് നേതൃത്വത്തിന്റെ കണ്ണില്‍ അദ്വാനി കരടാകാന്‍ കാരണം. 2014ല്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടുമെന്നു കരുതിയ അദ്വാനിയെ വെട്ടി ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെയായിരുന്നു.

ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശം മറികടന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്വാനിക്ക് പക്ഷേ കേവലം എം.പിമാത്രമായി പാര്‍ലമെന്റിന്റെ മൂലയില്‍ ഒതുങ്ങേണ്ടി വന്നു. മുമ്പ് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന അദ്വാനിക്ക് കേന്ദ്രമന്ത്രിസ്ഥാനം പോലും നല്‍കിയില്ല.

രാമക്ഷേത്ര നിര്‍മ്മാണമെന്ന ആര്‍.എസ്എസിന്റെ ആവശ്യത്തോട് മുഖംതിരിച്ചതാണ് ഇപ്പോള്‍ നരേന്ദ്രമോദിക്ക് വിനയാകുന്നത്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതിന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ മോദിയുടെ നിലപാടില്‍ ആര്‍.എസ്എസും വി.എച്ച.പിയും കടുത്ത അതൃപ്തിയിലാണ്.

Nithin Gadkari

ആര്‍.എസ്എസിന്റെ മനസറിയാതെ ബി.ജെ.പിയുടെ കാര്യങ്ങള്‍ മോദിയും അമിത്ഷായും ചേര്‍ന്ന് തീരുമാനിക്കുന്നതിലും ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്തിന് അസംതൃപ്തിയുണ്ട്. രാമക്ഷേത്രം നിര്‍മ്മിക്കുമെങ്കില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന കടുത്ത തീരുമാനം വരെ വി.എച്ച്.പി ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്.

ആര്‍.എസ്.എസ് പിന്തുണയുള്ള മുന്‍ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ഉപരിതലഗതാഗത മന്ത്രിയുമായ നിധിന്‍ഗഡ്ക്കരി മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയതും ഇതിനു പിന്നാലെയാണ്. നാഗ്പൂരില്‍ നിന്നുള്ള എം.പിയായ ഗഡ്ക്കരി എന്നും ആര്‍.എസ്എസിന്റെ ആജ്ഞക്കനുസരിച്ച് ചലിക്കുന്ന നേതാവാണ്. ഗഡ്ക്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണക്കാമെന്ന തീവ്രഹിന്ദുത്വനിലപാടുള്ള ശിവസേനയുടെ പ്രഖ്യാപനവും ആര്‍.എസ്.എസിന്റെ മനസറിഞ്ഞു കൊണ്ടാണ്.

മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും ബി.ജെ.പി പരാജയപ്പെട്ടതോടെ വിജയം കൊണ്ടു വരുമെന്ന മോദിയുടെ പ്രതിഛായക്ക് മങ്ങലേറ്റിരിക്കുകയാണ്. എന്‍.ഡി.എ സഖ്യകക്ഷികളായ രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി, മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി, യു.പിയിലെ അപ്നാദള്‍ എന്നിവരെല്ലാം മോദിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ കേവലഭൂപരിപക്ഷമില്ലാതെ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നാലും മോദിയേക്കാള്‍ സ്വീകാര്യന്‍ ഗഡ്ക്കരിയാവാനാണ് സാധ്യത. ആര്‍.എസ്.എസ് നിലപാട് കടുപ്പിച്ചാല്‍ അദ്വാനിയുടെ ഗതിയായിരിക്കും മോദിയെയും ഇനി കാത്തിരിക്കുന്നത്.

political reporter

Top