മെസിക്ക് ഫ്രാന്‍സില്‍ അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് കിലിയന്‍ എംബാപ്പെ

പാരിസ്: പിഎസ്‌ജി വിട്ട അര്‍ജന്റീനന്‍ ഇതിഹാസം ലിയോണല്‍ മെസിയെ കുറിച്ച് മനസ് തുറന്ന് മുന്‍ സഹതാരം കിലിയന്‍ എംബാപ്പെ. ‘ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് മെസി. മെസിയെ പോലൊരു താരം ക്ലബ് വിടുന്നത് ഒരിക്കലും സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല. മെസി പിഎസ്‌ജി വിട്ടപ്പോള്‍ ഏറെപ്പേര്‍ ആശ്വാസം കൊണ്ടത് എന്തുകൊണ്ട് എന്ന് എനിക്ക് മനസിലാവുന്നില്ല. അര്‍ഹമായ ബഹുമാനം മെസിക്ക് ഫ്രാന്‍സില്‍ ലഭിച്ചില്ല’ എന്നുമാണ് എംബാപ്പെയുടെ വാക്കുകള്‍. രണ്ട് വര്‍ഷത്തെ പിഎസ്‌ജി ജീവിതം അവസാനിപ്പിച്ച് മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് എംബാപ്പെയുടെ പ്രതികരണം.

അതേസമയം വരുന്ന സീസണിൽ സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകൾ കിലിയൻ എംബാപ്പെ തള്ളി. വാര്‍ത്തകൾ അസത്യമെന്ന് താരം ട്വീറ്റ് ചെയ്‌തു. കരീം ബെൻസേമ ക്ലബ് വിട്ട ഒഴിവിൽ എംബാപ്പെ റയലിലെത്തുമെന്നും ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരേസുമായി ചര്‍ച്ച നടത്തിയെന്നും ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാൽ ഇത് നിഷേധിച്ച് എംബപ്പെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘വാര്‍ത്ത അസത്യമാണ്. പിഎസ്‌ജിയിൽ ഒരു സീസണ്‍ കൂടി തുടരുമെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ക്ലബിൽ താൻ സന്തോഷവാനാണ്’- ഇതായിരുന്നു വാര്‍ത്തയ്ക്ക് ട്വിറ്ററിലൂടെയുള്ള എംബപ്പെയുടെ മറുപടി. ഇതോടെ താരത്തിന്റെ ട്രാൻസ്‌ഫര്‍ അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്.

മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ക്ലബ് കൂടിയാണ് ലിയോണല്‍ മെസി ചേക്കേറിയിരിക്കുന്ന ഇന്റര്‍ മിയാമി. ലിയോണല്‍ മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്‌ബോളിന്റെ മുഖച്ഛായമാറുമെന്ന പ്രതീക്ഷയിലാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതര്‍. ലീഗില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് ഇന്റര്‍ മിയാമി. മെസിയുടെ വരവ് കാണികളുടെ എണ്ണത്തിലും ടിക്കറ്റ് നിരക്കിലും വലിയ മാറ്റമുണ്ടാക്കും. മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റിന്റെ റീസെയ്ല്‍ വന്‍ തുകയ്ക്ക് തുടരുകയാണ്. മെസിയെ സ്വന്തമാക്കാന്‍ മുന്‍ ക്ലബ് ബാഴ്‌സലോണയ്‌ക്ക് പുറമെ ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും ന്യൂകാസില്‍ യുണൈറ്റഡും സൗദി ക്ലബ് അല്‍ ഹിലാലും രംഗത്തുണ്ടായിരുന്നു. മെസിക്ക് ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് അല്‍ ഹിലാല്‍ മുന്നോട്ടുവച്ചിരുന്നത്.

Top