മെസ്സിക്കൊപ്പം കളിക്കുന്നത് വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് കിലിയന്‍ എംബാപ്പെ

പാരീസ് : മെസ്സിക്കൊപ്പമുള്ള കളി വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പി.എസ്.ജി.യിലെ മുന്‍ സഹതാരം കിലിയന്‍ എംബാപ്പെ. തന്നെപ്പോലെ ആക്രമണം ഇഷ്ടപ്പെടുന്ന ഒരു സ്‌ട്രൈക്കര്‍ക്ക് മുന്നേറ്റനിരയില്‍ പന്തെത്തിച്ചുനല്‍കാന്‍ മെസിക്ക് കഴിഞ്ഞിരുന്നു. കളിക്കളത്തില്‍ മെസിക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ചില പ്രത്യേക നിമിഷങ്ങളുണ്ട്. മെസ്സിക്കൊപ്പം കളിക്കാന്‍ കഴിയാത്തത് നിശ്ചയമായും ഒരു നഷ്ടമാണെന്നും എംബാപ്പെ പറഞ്ഞു.

പി.എസ്.ജി.ക്കുവേണ്ടി ട്രോഫി ഡെസ് ചാമ്പ്യന്‍സ് കിരീടം നേടിയശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് എംബാപ്പെ സംസാരിച്ചത്. ടൂളൂസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചായിരുന്നു കിരീടനേട്ടം.

മെസ്സിയും എംബാപ്പെയും 2021 മുതല്‍ 2023 വരെയുള്ള രണ്ട് വര്‍ഷക്കാലം പി.എസ്.ജി.യിലുണ്ടായിരുന്നു. ഒരുമിച്ച് കളിച്ച 67 മത്സരങ്ങളില്‍ മെസ്സി 20 തവണ എംബാപ്പെയ്ക്ക് അസിസ്റ്റുകള്‍ നല്‍കി. ഇരുവരും ടീമിലായിരുന്നപ്പോള്‍ രണ്ട് ലീഗ് വണ്‍ കിരീടങ്ങളും ഒരു ഫ്രഞ്ച് കപ്പും പി.എസ്.ജി.ക്കായി നേടിയിരുന്നു.

Top