തിരിച്ചറിയല്‍ രേഖകളുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ വാലറ്റുകള്‍ ബുദ്ധിമുട്ടിലാകും

പേടിഎം അടക്കമുള്ള മൊബൈല്‍-വാലറ്റുകള്‍ തിരിച്ചറിയല്‍ രേഖകളുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സര്‍വ്വീസ് തടസ്സപ്പെടുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ്. കെവൈസി ( know your customer) വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കാണ് 2020 ഫെബ്രുവരി 28 മുതല്‍ സര്‍വ്വീസില്‍ ബുദ്ധിമുട്ടുകള്‍ നേരിടുമെന്ന മുന്നറിയിപ്പ് ഉണ്ടാകുന്നത്.

ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് ഐഡി, പാസ്‌പോര്‍ട്ട്, തൊഴിലുറപ്പ് പദ്ധതി കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പാസ്‌പോര്‍ട്ട്, ലൈസന്‍സ് തുടങ്ങിയ രേഖകളുടെ കാലാവധി ഇതിനകം കഴിഞ്ഞിട്ടുണ്ടെങ്കില്‍ പുതുക്കിയ കോപ്പി നല്‍കേണ്ടി വരും. നേരത്തേ അക്കൗണ്ടില്‍ നല്‍കിയ വിലാസം മാറിയിട്ടുണ്ടെങ്കില്‍ പുതിയ വിലാസം നല്‍കാം.

കെവൈസി നടപ്പിലാക്കിയില്ലെങ്കില്‍ പേടിഎം, ഗൂഗിള്‍ പേയ്, വോഡഫോണ്‍ എംപെസ, ആമസോണ്‍ പേയ്, എയര്‍ടെല്‍ മണി തുടങ്ങിയ വോലറ്റുകളിലെല്ലാം ചില സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്കു നിഷേധിക്കപ്പെടും. എന്നാല്‍ നിലവിലുള്ള ബാലന്‍സ് തുക ഉപയോഗിക്കാന്‍ ഒരു തടസ്സവുമുണ്ടാകില്ലെന്ന് ആര്‍ബിഐ നേരത്തെ തന്നെ അറിയിച്ചിരുന്നു. കെവൈസി ശരിയായില്ലെങ്കില്‍ ചില വോലറ്റുകളില്‍ ബാക്കിയുള്ള പണം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനാകില്ല. ചില വോലറ്റുകളില്‍ പുതുതായി പണം നിക്ഷേപിക്കാനുമാകില്ല.

Top