എറണാകുളം നിയമസഭ സീറ്റ് ആരോടും ചോദിച്ചിട്ടില്ലെന്ന് കെ.വി.തോമസ്

ന്യൂഡല്‍ഹി : ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം നിയമസഭ സീറ്റ് ആരോടും ചോദിച്ചിട്ടില്ലെന്ന് കെ.വി.തോമസ്. സോണിയ ഗാന്ധി വിളിപ്പിച്ചിട്ടാണ് ഡല്‍ഹിയില്‍ വന്നത്. ആര് മല്‍സരിച്ചാലും ജയമാണ് പ്രധാനമെന്നും കെ.വി. തോമസ് പറഞ്ഞു.

പാര്‍ട്ടി പറഞ്ഞാല്‍ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെ.വി.തോമസ് നേരത്തെ പറഞ്ഞിരുന്നു. വ്യക്തി താത്പര്യങ്ങള്‍ക്കല്ല ജയസാധ്യതയ്ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും തോമസ് അറിയിച്ചു.

നിരവധി നേതാക്കള്‍ക്ക് സ്ഥാനമോഹങ്ങള്‍ ഉണ്ടാകാം. എന്നാല്‍എറണാകുളത്തെ ജയസാധ്യതയ്ക്കാകണം പ്രഥമ പരിഗണന. പരിചയസമ്പത്തും പരിഗണിക്കണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും പാര്‍ട്ടിയുമായി നിലവില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് കെ വി തോമസിന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. നാളെ രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തും.

Top