കരുണാകരനെ ‘ചതിച്ച’ മാഷെ കാലവും ഇപ്പോള്‍ ചതിച്ചു; ഇനി പാരവയ്‌പ്പോ ?

ടഞ്ഞ തോമസ് മാഷിനെ ഹൈക്കമാന്റ് ഇടപെട്ട് മെരുക്കിയെങ്കിലും എറണാകുളത്ത് പാലം വലിക്കുമോ എന്ന ആശങ്ക ശക്തം. ഹൈബി ഈഡന്റെ അനുയായികളാണ് ഈ ആശങ്ക പങ്കു വയ്ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് തന്ത്രങ്ങള്‍ മാത്രമല്ല, കുതന്ത്രങ്ങള്‍ മെനയുന്നതിലും മിടുക്കനാണ് കെ.വി തോമസ്. ഇതു തന്നെയാണ് ഹൈബിയുടെ അനുയായികളെ ആശങ്കപ്പെടുത്തുന്നതും. തോമസ് മാഷിന്റെ നീക്കങ്ങളെ നിരീക്ഷിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. കഴിഞ്ഞ തവണ ഹൈബിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കട്ടൗട്ടുകള്‍ അടക്കം തയ്യാറാക്കിയ അണികളെ ഞെട്ടിച്ചാണ് കെ.വി.തോമസ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായത്. അന്ന് ഹൈബിയും അനുയായികളുമാണ് പൊട്ടിക്കരഞ്ഞതെങ്കില്‍ ഇന്ന് തോമസ് മാഷിന്റെ ചങ്കാണ് ഇടിക്കുന്നത്. കാലം കരുതിവച്ച കാവ്യ നീതിയാണ് ഇപ്പോഴത്തെ സംഭവ വികാസമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളും അഭിപ്രായപ്പെടുന്നത്.ഇക്കാര്യത്തില്‍ മാത്രം അവര്‍ക്ക് ഗ്രൂപ്പ് തര്‍ക്കമില്ലന്നതും ശ്രദ്ധേയമാണ്.

ഹൈബി വിജയിച്ചാല്‍ ഒഴിവു വരുന്ന എം.എല്‍.എ സ്ഥാനം, യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം എന്നിവ വാഗ്ദാനം ചെയതാണ് ഹൈക്കമാന്റ് കെ.വി തോമസിനെ അനുനയിപ്പിച്ചിരിക്കുന്നത്. എന്നാല്‍ യു.പി.എക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യസഭാംഗമാക്കി കേന്ദ്ര മന്ത്രിയാകണമെന്നതാണ് തോമസ് മാഷിന്റെ ആഗ്രഹം. ഇക്കാര്യത്തില്‍ ചില ഉറപ്പുകള്‍ തോമസിന് ലഭിച്ചതായും അഭ്യൂഹമുണ്ട്.എന്നാല്‍ മോദിയെ പുകഴ്ത്തുകയും സീറ്റ് കിട്ടാതിരുന്നപ്പോള്‍ കാവി പാളയത്തില്‍ ചേക്കേറാന്‍ ആഗ്രഹിക്കുകയും ചെയ്ത കെ.വി തോമസിനെ ഇനി ഹൈക്കമാന്റ് വിശ്യസിക്കില്ലെന്നാണ് കേരള നേതാക്കളുടെ പ്രതീക്ഷ. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കെ.വി തോമസ് ബി.ജെ.പിയിലേക്ക് ചാടിയാല്‍ അത് ദേശീയ തലത്തില്‍ തന്നെ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇത്തരമൊരു അനുനയ നീക്കം ഹൈക്കമാന്റ് നടത്തിയതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

കുമ്പളങ്ങി വാര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും എം.എല്‍.എയും മന്ത്രിയും എം.പിയുമാക്കി വളര്‍ത്തിയ ലീഡര്‍ കെ. കരുണാകരനെ പിന്നില്‍ നിന്നുകുത്തി മറുകണ്ടം ചാടിയ ചരിത്രമാണ് കെ.വി തോമസിനുള്ളത്. താക്കോല്‍സ്ഥാനത്ത് മണിയടിച്ചും പ്രീണിപ്പിച്ചും സ്വന്തം കാര്യം നേടുന്ന കെ.വി തോമസിന്റെ രാഷ്ട്രീയ മിടുക്കിനാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിഷേധത്തോടെ അന്ത്യമായത്. സോണിയാ ഗാന്ധിയുടെ വിശ്വസ്ഥനായി സംസ്ഥാനനേതാക്കളുടെ തലക്കുമുകളിലൂടെ പറന്ന പി.ജെ കുര്യനെ വെട്ടിയ മാതൃകയില്‍ കെ.വി തോമസിനെയും ഒതുക്കിയിരിക്കുകയാണിപ്പോള്‍. സോണിയക്കു പകരം രാഹുല്‍ഗാന്ധിയെത്തിയതോടെയാണ് മുതിര്‍ന്ന നേതാക്കളുടെ മണിയടി രാഷ്ട്രീയത്തിന് അന്ത്യമായത്. എം.എല്‍.എയും മന്ത്രിയും കേന്ദ്രമന്ത്രിയും എഴു തവണ എം.പിയുമായ കെ.വി തോമസ് എറണാകുളത്തെ സീറ്റു നിഷേധത്തില്‍ പത്രസമ്മേളനത്തിലൂടെ പൊട്ടിത്തെറിച്ചപ്പോള്‍ അത് രാഷ്ട്രീയ ഗുരുവായ കെ. കരുണാകരനെ പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റിക്കൊടുത്ത വഞ്ചനയുടെ തിരിച്ചടിയായി കൂടിയാണ് വിലയിരുത്തപ്പെട്ടത്.

തോമസ് മാഷിന്റെ സ്ഥാനാര്‍ത്ഥി നിഷേധത്തെ ഗ്രൂപ്പു ഭേദമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുന്ന കാഴ്ചയായിരുന്നു കേരളത്തില്‍. 1968ല്‍ കുമ്പളങ്ങി ഏഴാം വാര്‍ഡ് പ്രസിഡന്റായ കെ.വി തോമസിനെ രാഷ്ട്രീയത്തില്‍ പടിപടിയായി വളര്‍ത്തിയെടുത്തത് കെ. കരുണാകരനായിരുന്നു. 1984ല്‍ സിറ്റിങ് എം.പിയായിരുന്ന സേവ്യര്‍ അറക്കലിനെ വെട്ടിയാണ് കെ. കരുണാകരന്‍ കെ.വി തോമസിനെ എറണാകുളം ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയത്. അന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് പ്രതിഷേധവുമായെത്തിയെങ്കിലും ലീഡര്‍ കുലുങ്ങിയില്ല. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സഹതാപ തരംഗത്തില്‍ കെ.വി തോമസ് എം.പിയായി.

89തിലും 91ലും വിജയം ആവര്‍ത്തിച്ചു. ഫ്രഞ്ച് ചാരക്കേസില്‍ പ്രതിയായതോടെ 1996ല്‍ പരാജയപ്പെട്ടു. ഇടതു സ്വതന്ത്രനായി മത്സരിച്ച പഴയ കോണ്‍ഗ്രസ് നേതാവ് സേവ്യര്‍ അറക്കലാണ് അന്ന്‌ വിജയിച്ചത്. സിറ്റിങ് സീറ്റു പിടിച്ചു വാങ്ങിയ കെ.വി തോമസിനോടുള്ള സേവ്യര്‍ അറക്കലിന്റെ മധുരപ്രതികാരമായിരുന്നു അത് . എന്നാല്‍ തോല്‍വിയിലും തോമസ് മാഷിനെ കരുണാകരന്‍ കൈവിട്ടില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ എറണാകുളം ഡി.സി.സി പ്രസിഡന്റാക്കി. ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രൊഫ. ആന്റണി ഐസക്കിനെയും നിയമസഭ തെരഞ്ഞെടുപ്പില്‍ ലിനോ ജേക്കബിനെയും കാലുവാരി തോല്‍പ്പിച്ച് തോമസ് മാഷ് അവിടേയും കഴിവു തെളിയിച്ചു. 2001ല്‍ കരുണാകരന്‍ കെ.വി തോമസിനെ എറണാകുളത്തുനിന്നും നിയമസഭാംഗമാക്കി വാശിപിടിച്ച് മന്ത്രിയുമാക്കി.

ഉമ്മന്‍ചാണ്ടിയെ വെട്ടാനാണ് തോമസിനെ മന്ത്രിയാക്കിയത്. മന്ത്രിയായതോടെ രാഷ്ട്രീയ ഗുരുനാഥനായ ലീഡര്‍ കെ.കരുണാകരനെ തള്ളിപ്പറഞ്ഞ് കെ.വി തോമസ് എ.കെ ആന്റണിയുടെ വിശ്വസ്ഥനായി. ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കെ.വി തോമസിനെ മാറ്റി ഡൊമനിക് പ്രസന്റേഷനെ മന്ത്രിയാക്കി. 2006ല്‍ വി.എസ് തരംഗത്തിലും തോമസ് മാഷ് വിജയിച്ചുകയറി. ഡൊമനിക് പ്രസന്റേഷനെ പാരവെച്ച് തോല്‍പ്പിക്കുകയും ചെയ്തു.2009തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എ.കെ ആന്റണിയും എറണാകുളം ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച ഹൈബി ഈഡനെ വെട്ടിയാണ് സോണിയയുടെ വിശ്വസ്ഥനെന്ന പ്രതിഛായയുമായി വീണ്ടും എം.പിയായത്. തുടര്‍ന്ന് പി.ജെ കുര്യനെയും പി.സി ചാക്കോയെയും വത്തിക്കാന്റെ ബന്ധം ഉയര്‍ത്തി വെട്ടിനിരത്തി കേന്ദ്രഭക്ഷ്യ മന്ത്രിയുമായി.ഒരേ സമയം ഭരണപക്ഷത്തും പ്രതിപക്ഷത്തും മാധ്യമങ്ങളിലും സൗഹൃദത്തിന്റെ പാലംപണിയുന്ന തോമസ് മാഷിന്റെ തന്ത്രവും അടവുകളുമൊന്നും രാഹുല്‍ഗാന്ധിയുടെ പക്കല്‍ പക്ഷെ ഏശിയില്ല. രാഹുലിന്റെ വിശ്വസ്ഥനായി കെ.സി വേണുഗോപാല്‍ കൂടി എത്തിയതോടെ മാഷിന്റെ അടവുകള്‍ പൂര്‍ണമായും പാളി.

സോണിയാഗാന്ധിയെയും നരേന്ദ്രമോദിയേയും ഒരുപോലെ പുകഴ്ത്തുന്ന തോമസ് മാഷിന്റെ രാഷ്ട്രീയ നയതന്ത്രത്തിനാണ് ഇതോടെ അന്ത്യമായത്. ലീഡര്‍ കെ. കരുണാകരന്റെ വാല്‍സല്യത്തില്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വലുതായി മന്ത്രിസ്ഥാനങ്ങളും പദവികളും സ്വന്തമാക്കിയിട്ടും. ലീഡര്‍ മരണപ്പെട്ട് ചിത അണയും മുമ്പെ കുടുംബത്തോടൊപ്പം സിനിമക്കുപോയ മനസാക്ഷി ഇല്ലായ്മ ദേശാഭിമാനി മുമ്പ് വാര്‍ത്തയാക്കിയിരുന്നു.

കോണ്‍ഗ്രസില്‍ ഒരു പഞ്ചായത്ത് മെമ്പര്‍പോലുമാകാത്ത ലീഡറെ സ്‌നേഹിച്ചപതിനായിരങ്ങളുടെ നെഞ്ചിലുണ്ടായ പൊള്ളലാണ് ഇന്ന് കെ.വി തോമസിന്റെ മേല്‍ ഇടിത്തീയായി വീണിരിക്കുന്നത്. ലീഡര്‍ പറഞ്ഞാല്‍ മരിക്കാന്‍പോലും തയ്യാറായിരുന്ന കൊച്ചിയുടെ പ്രിയനേതാവ് ജോര്‍ജ് ഈഡന്റെ മകന്‍ ഹൈബി ഈഡന്‍ തോമസ് മാഷിന്റെ പകരക്കാരനായെത്തുന്നതും ചരിത്രനിയോഗം മാത്രം.

Top