കെവി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കെവി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാമെന്ന് സോണിയാ ഗാന്ധിയുടെ ഓഫിസ് കെ വി തോമസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കെ വി തോമസ് അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളം മണ്ഡലത്തിലെ സ്ഥാനാത്ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് പകരമായി പാര്‍ട്ടി പദവികള്‍ നല്‍കി കെ വി തോമസിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്റ് തീരുമാനമെന്നും സൂചനകളുണ്ട്.

അനുനയ നീക്കങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.വി തോമസുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം കെ.വി തോമസിനെ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് കെ.വി തോമസുമായി ചര്‍ച്ച നടത്തിയിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു.

എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ കെ വി തോമസ് പരസ്യമായി രംഗത്തുവന്നിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത ദുഖമുണ്ടെന്നും എന്ത് തെറ്റ് ചെയ്തതുകൊണ്ടാണ് തന്നെ മാറ്റി നിര്‍ത്തിയതെന്ന് മനസിലാകുന്നില്ലെന്നും കെ വി തോമസ് തുറന്നടിച്ചിരുന്നു.

Top