കെ.വി തോമസിന്റെ ചെങ്കൊടി പ്രേമം; തൃക്കാക്കരയില്‍ യു.ഡി.എഫിന് വെല്ലുവിളി !

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുത്താലും ഇല്ലങ്കിലും, അത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് വലിയ തലവേദനയാകും. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇപ്പോഴും കെ.വി തോമസ് പറയുമ്പോള്‍, അദ്ദേഹം സെമിനാറിന് എത്തുമെന്നു തന്നെയാണ് സി.പി.എം നേതൃത്വം കരുതുന്നത്. ഇനി അദ്ദേഹം പങ്കെടുത്തില്ലങ്കിലും സി.പി.എമ്മിനെ സംബന്ധിച്ച് കെ.വി തോമസിനോട് പരിഭവം ഉണ്ടാകുകയില്ല. എന്നാല്‍, കോണ്‍ഗ്രസ്സ് നേതൃത്വവുമായുള്ള കെ.വി തോമസിന്റെ ഭിന്നതയും ഇടതുപക്ഷത്തോടുള്ള താല്‍പ്പര്യവും ഭാവിയില്‍ ഉപയോഗപ്പെടുത്താമെന്ന കണക്കുകൂട്ടലും സി.പി.എം നേതൃത്വത്തിനുണ്ട്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍, കെ വി തോമസിന്റെ പിന്തുണ ഇടതുപക്ഷം തീര്‍ച്ചയായും തേടാനാണ് സാധ്യത. യു.ഡി.എഫ് കോട്ടയില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി കെ.വി തോമസ് വന്നാലും അത്ഭുതപ്പെടേണ്ട കാര്യമില്ലന്നാണ് രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഒന്നുകില്‍ തൃക്കാക്കരയില്‍ ഇടതു സ്വതന്ത്രന്‍, അതല്ലങ്കില്‍, ഇടതു പിന്തുണയോടെ പാര്‍ലമെന്റിലേക്ക് ഒരവസരം, അതിനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ക്രൈസ്തവ സഭ നേതൃത്വത്തില്‍ ഇപ്പോഴും നല്ല സ്വാധീനം കെ.വി തോമസിനുണ്ട്. ഇത് തൃക്കാക്കരയില്‍ മാത്രമല്ല, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഉള്‍പ്പെടെ വോട്ടാക്കി മാറ്റാന്‍ സി.പി.എം ശ്രമിക്കുമോ, അതിനായി കെ.വി തോമസ് നിന്നു കൊടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. തോമസിന്റെ അടുപ്പക്കാര്‍ പോലും അത്തരത്തിലുള്ള ഒരു സാധ്യത മുന്നില്‍ കാണുന്നുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

കണ്ണൂരിലെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിന് സോണിയ ഗാന്ധിയുടെ അനുമതി തേടിയ കെ.വി തോമസ് അതിനു പറയുന്ന ന്യായീകരണവും കോണ്‍ഗ്രസ്സ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ്. ‘2024 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യം കേന്ദ്രത്തില്‍ ഉണ്ടാകേണ്ടതുണ്ട്. അതിന് സി പി എം പിന്തുണയും അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് എന്നെ വിളിച്ചിരിക്കുന്നത്. പാര്‍ട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ല. വിഷയത്തെപറ്റി അറിവുള്ളയാള്‍ എന്ന നിലയില്‍ കൂടിയാണ് വിളിച്ചത്…. കെ വി തോമസിന്റെ വിശദീകരണം ഇതാണ്.

അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കെ വി തോമസിനോട് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിലക്ക് ലംഘിച്ച് കെവി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഎം നേതൃത്വം വിശദീകരിച്ചതിന് തൊട്ടു പിറകെയാണ് ഹൈക്കമാന്‍ഡ് നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നത്. രണ്ടാം തവണയും അനുവാദം തേടി കത്ത് അയച്ച കെ വി തോമസിന്റെ നടപടിയില്‍ , സംസ്ഥാന കോണ്‍ഗ്രസ്സിലും പ്രതിഷേധം ശക്തമാണ്.

പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ച വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഒപ്പമാണെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലന്നും സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലന്നുമാണ് എഐസിസി വ്യക്തമാക്കിയിരിക്കുന്നത്.

Top