പ്രതിപക്ഷമെന്നാല്‍ എന്തിനേയും കണ്ണടച്ച് എതിര്‍ക്കുന്നവരാകരുതെന്ന് കെവി തോമസ്

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ വേറിട്ട നിലപാടുമായി കെവി തോമസ്. വന്‍കിട പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കേണ്ട കാര്യമില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതിപക്ഷമെന്നാല്‍ എന്തിനേയും കണ്ണടച്ച് എതിര്‍ക്കുന്നവരാകരുത്. വികസന കാര്യത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കണം. പദ്ധതികളുടെ മെറിറ്റാകണം പരിഗണിക്കേണ്ടത്. പ്രതിപക്ഷമെന്നാല്‍ എന്തിനേയും വന്‍കിട പദ്ധതികളെ എതിര്‍ക്കാനുളളവരെന്ന നില വന്നാല്‍ സംസ്ഥാനത്തിന്റെ വികസനം മുരടിക്കും. വന്‍കിട പദ്ധതികള്‍ക്ക് കേന്ദ്ര സഹായം തേടുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട കെ വി തോമസ്, കെ റെയില്‍ ഉള്‍പടെയുളള പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമാകണമെന്നും കൂട്ടിച്ചേര്‍ത്തു.

അതേ സമയം സില്‍വര്‍ ലൈനില്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നാവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്നും ഭൂമി നഷ്ടമാകുന്നവര്‍ക്ക് രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങളെ മുഖ്യമന്ത്രി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. മാധ്യമങ്ങളുടെ ശ്രദ്ധ ഭരണാധികാരികളുടെ വാഴ്ത്തുപാട്ടിലാണ്. ജനങ്ങളുടെ പ്രശ്‌നം വാര്‍ത്തയേ അല്ലാതായിയെന്നും പൗരാവകാശങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നാവനക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ശത്രുതാ മനോഭാവം പുലര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top