അന്ന് ഹൈബി കരഞ്ഞു, ഇന്ന് മാഷും, മധുരമായ പ്രതികാരം

കൊച്ചി : ലോകസഭ സീറ്റ് ഉറപ്പിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്‍പ് പ്രചരണം നടത്തിയ കെ.വി തോമസിന് വന്‍ തിരിച്ചടി. ഗാന്ധി കുടുംബത്തിന്റെ വിനീത വിധേയനായ ഈ ദാസന്‍ ഇപ്പോള്‍ പെരുവഴിയിലായിരിക്കുകയാണ്.

2014-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കട്ടൗട്ട് അടക്കം തയ്യാറാക്കിയ ഹൈബി ഈഡന്റെ അനുയായികളെ ഞെട്ടിച്ചാണ് കെ.വി തോമസ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി എത്തിയിരുന്നത്.

അന്ന് പാര്‍ട്ടി തീരുമാനത്തില്‍ മനം നൊന്ത ഹൈബിയുടെയും അനുയായികളുടെയും അവസ്ഥയിലാണ് ഇപ്പോള്‍ കെ.വി തോമസ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തന്റെ സങ്കടം തുറന്ന് പറഞ്ഞ കെ.വി തോമസ് ദയനീയ അവസ്ഥയിലാണ് അഭിപ്രായ പ്രകടനം നടത്തിയിരുന്നത്.

താന്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ലന്നും ദുഃഖമുണ്ടെന്നും പറഞ്ഞ തോമസ് പ്രായമായത് തെറ്റല്ലന്നും പറഞ്ഞു. സീറ്റ് നിഷേധിക്കുന്ന കാര്യം തന്നെ മുന്‍കൂട്ടി അറിയിക്കാമായിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.

ഹൈബി ഈഡനെ പിന്തുണക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചത് സീറ്റ് നിഷേധത്തിന് കാരണമല്ലന്നും കെ.വി തോമസ് വ്യക്തമാക്കി.

മറ്റേത് പാര്‍ട്ടിയിലേക്ക് പോകുന്ന കാര്യം താന്‍ തീരുമാനിച്ചിട്ടില്ലന്നും എല്ലാ പാര്‍ട്ടിയിലുമുള്ള നേതാക്കളുമായും തനിക്ക് ബഡമുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.

അതേസമയം സിറ്റിംഗ് എം.പി ഇടഞ്ഞാലും വമ്പന്‍ ഭൂരിപക്ഷത്തിന് എറണാകുളത്ത് വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൈബി ഈഡന്റെ അനുയായികള്‍.

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുമെന്ന് ഹൈബി ഈഡന്‍ പ്രതികരിച്ചു. യു.ഡി.എഫിന്റെ കോട്ടയാണ് എറണാകുളമെന്നും ഹൈബി പറഞ്ഞു.

Top