“ഓണറേറിയം വിവാദമാക്കേണ്ട, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടാൻ അനുഭവം പ്രയോജനപ്പെടുത്തും”

ദില്ലി: സംസ്ഥാന സർക്കാർ തനിക്ക് ഓണറേറിയമായി ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. മുൻപ് എ സമ്പത്ത് ഇതേ സ്ഥാനം വഹിച്ചപ്പോൾ നൽകിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ദില്ലിയിൽ തന്റെ അനുഭവങ്ങൾ പ്രയോജനപ്പെടുത്തുകയാണ് പ്രത്യേക പ്രതിനിധിയെന്ന നിലയിൽ താൻ ചെയ്യുന്നതെന്നും കെ വി തോമസ് വ്യക്തമാക്കി.

ദില്ലിയിലെ കേരള സർക്കാറിൻറെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന ധനവകുപ്പ് നിർദ്ദേശം മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ദില്ലിയിൽ പ്രൊഫ കെവി തോമസിനായി നിയമിക്കും. ശമ്പളം വേണ്ടെന്ന് കെവി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുന്ന തോമസിന് 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്.

Top