ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കുവൈത്ത്

bokoharam

ദോഹ : മധ്യ ആഫ്രിക്കയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കുവൈത്ത്. സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭാ രക്ഷാ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയില്‍ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അല്‍ ഉതൈബിയാണ് നിലപാട് അറിയിച്ചത്.

ബോകോ ഹറാം, ജൈശ് അല്‍ റബ്ബ് തുടങ്ങിയ സായുധ സംഘങ്ങള്‍ മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിരപരാധികള്‍ ഇരയാക്കപ്പെടുന്നു. ചാവേര്‍ സ്‌ഫോടനങ്ങള്‍, തുടര്‍ച്ചയായ സായുധ ആക്രമണങ്ങള്‍, കളവ്, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട സംഘടനകളാണ് ബോക്കോ ഹറാമും, ജൈശ് അല്‍ റബ്ബും.

ഗാബണ്‍, കാമറൂണ്‍, കോംഗോ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരവാദ സംഘടനകളുടെ സാന്നിധ്യംകൊണ്ട് പൊറുതി മുട്ടുകയാണ്. ഏത് സമയത്തും ആക്രമണങ്ങളും സ്‌ഫോടനങ്ങളും ഉണ്ടായേക്കാമെന്ന സാഹചര്യം ഈ രാജ്യങ്ങളുടെ സ്വസ്ഥതയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ യു.എന്‍ തലത്തില്‍ ശക്തമായ നടപടിയുണ്ടാകണം. മേഖലയില്‍ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും കുവൈത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും ഉതൈബി വ്യക്തമാക്കി.

Top