കുവൈറ്റില്‍ സെപ്തംബര്‍ മുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കും

കുവൈറ്റ് സിറ്റി: സെപ്തംബറോടെ കുവൈറ്റില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ കമ്മിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍. ഏപ്രില്‍ മാസം സ്‌കൂളുകള്‍ തുറക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കാരിന് സമഗ്രമായ നിര്‍ദേശം സമര്‍പ്പിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, കൊവിഡ് കേസുകളുടെ വര്‍ദ്ധനയും പ്രതിരോധ കുത്തിവെയ്പ് കുറഞ്ഞതും ഈ തീരുമാനം നിരസിച്ചു.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തണമെന്ന് അനുവദിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി തേടി. വിദ്യാര്‍ഥികള്‍ മടങ്ങിവരുന്നതിനും പഠിതാക്കളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുക്കുന്നതിനും സംയോജിത പദ്ധതി ആവിഷ്‌കരിക്കുന്നതിനും ആരോഗ്യ മന്ത്രാലയവും അതാത് മേഖലകളും ഏകോപനം നടത്തി.

ഈ വര്‍ഷം ആരംഭത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം യോഗം ചേര്‍ന്ന് സ്‌കൂളുകള്‍ ക്രമേണ വീണ്ടും തുറക്കുന്നതിനുള്ള നിര്‍ദേശം ചര്‍ച്ച ചെയ്തിരുന്നു. രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകള്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം.

ഒരു മാസത്തിനു ശേഷം 2020- 21 അധ്യയന വര്‍ഷത്തിലെ രണ്ടാം സെമസ്റ്ററിലേയ്ക്ക് എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇ- ലേണിംഗ് തുടരുമെന്ന് മന്ത്രി. ഡോ. അലി അല്‍ മുദഫ് അറിയിച്ചു. കൊവിഡ് രോഗബാധ പടരുന്നതിന്റെ ആശങ്കയെ തുടര്‍ന്ന് എല്ലാ സ്‌കൂളുകളും പ്രീ സ്‌കൂളുകളും സര്‍വകലാശാലകളും 2020 മാര്‍ച്ച് 12 നാണ് അടച്ചത്.

 

 

Top