റോഡില്‍ കുണ്ടും കുഴിയും; ശരിയാക്കാന്‍ കഴിയാത്ത കുവൈത്ത് ക്യാബിനറ്റ് രാജിവെച്ച് ഒഴിഞ്ഞു!

റോഡിലെ കുണ്ടും കുഴിയുടെയും പേരില്‍ ഏതെങ്കിലും ക്യാബിനറ്റ് മന്ത്രിമാര്‍ രാജിവെച്ച് കേട്ടിട്ടുണ്ടോ? അങ്ങിനെയെങ്കില്‍ നമ്മുടെ സംസ്ഥാനത്ത് മന്ത്രിസഭ ബാക്കിയുണ്ടാകില്ല എന്ന് ചിലരെങ്കിലും മനസ്സില്‍ ചിന്തിച്ചേക്കാം. ഒരു രാജ്യത്തെ ക്യാബിനറ്റ് അപ്പാടെയാണ് റോഡിലെ കുഴികളുടെയും, അടിസ്ഥാന സൗകര്യങ്ങള്‍ ശരിയാക്കാത്തതിന്റെയും പേരില്‍ രാജിവെച്ച് ഒഴിഞ്ഞിരിക്കുന്നത്.

കുവൈത്ത് ക്യാബിനറ്റിനാണ് ഈയൊരു അവസ്ഥ നേരിട്ടത്. പാര്‍ലമെന്റ് ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് രാജ്യത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവെയ്ക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ക്യാബിനറ്റ് അപ്പാടെ ഒഴിയുന്നത്. 2018ലുണ്ടായ കടുത്ത വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകളും, അടിസ്ഥാന സൗകര്യങ്ങളും ശരിയാക്കുന്നതില്‍ മന്ത്രി ജെനാന്‍ റമദാന്‍ വീഴ്ച വരുത്തിയെന്നാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ കുറ്റപ്പെടുത്തിയത്. 10 അംഗങ്ങള്‍ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുക്കുകയും ചെയ്തു.

എന്നാല്‍ തന്റെ മന്ത്രാലയത്തിന് കീഴില്‍ വരുന്ന പ്രശ്‌നങ്ങള്‍ ഏറെ നാളായി തുടരുന്നതാണെന്നും ഇതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നുമാണ് റമദാന്‍ വാദിച്ചത്. ഇതില്‍ തൃപ്തരാകാതിരുന്ന അംഗങ്ങള്‍ രാജ്യത്തെ ശക്തനായ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലെദ് അല്‍ ജറാ അല്‍ സബായെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുവൈത്ത് ഭരിക്കുന്നത് അല്‍ സബാ കുടുംബമാണ്. ഇതിന് മുന്‍പും സബാ കുടുംബത്തിന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ചോദ്യം ചെയ്യല്‍ അപേക്ഷകളും, അവിശ്വാസ വോട്ടുകളും വരുമ്പോള്‍ കുവൈത്ത് സര്‍ക്കാര്‍ രാജിവെച്ചിട്ടുണ്ട്. 2020ലാണ് രാജ്യത്ത് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.

Top