കുവൈത്തിന്‍റെ പുതിയ ഭരണാധികാരി ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹ്

കുവൈറ്റ്: ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹിനെ കുവൈത്തിന്‍റെ പതിനാറാമത് അമീർ ആയി തെരഞ്ഞെടുത്തു. ചൊവാഴ്ച ചേർന്ന അടിയന്തിര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പതിനാല് വർഷക്കാലം ഭരണ നിർവഹണത്തിൽ കുവൈത്ത് അമീറിന്‍റെ നിഴലായി വർത്തിച്ച പിൻഗാമിക്ക് ഷെയ്ഖ് സബാഹ് ബാക്കി വെച്ച വികസനസ്വപ്നങ്ങൾ പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് രാജ്യം.

ഭരണഘടനാപരമായ ചില അധികാരങ്ങൾ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ്
അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്‍റെ വിയോഗ വാർത്ത സ്ഥിരീകരിച്ച ഉടൻ മന്ത്രിസഭ പ്രത്യേകയോഗം ചേർന്ന് ഭരണസാരഥ്യം ഏറ്റെടുക്കാൻ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സ്വാലിഹ് ദേശീയ ടെലിവിഷൻ ചാനലിലൂടെയാണ് പുതിയ അമീറിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.

1962ൽ ഹവല്ലി ഗവർണറായാണ് ശൈഖ് നവാഫ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1978ലും പിന്നീട് 86 -88 കാലത്തും ആഭ്യന്തര മന്ത്രിയായി. 1988ലും 90ലും പ്രതിരോധമന്ത്രിയായും സേവനമനുഷ്ഠിച്ചു. 91ൽ തൊഴിൽ -സാമൂഹിക മന്ത്രാലയത്തിന്‍റെ ചുതമല വഹിച്ച അദ്ദേഹം 94ൽ നാഷനൽ ഗാർഡ് മേധാവിയായി. 2003ൽ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് 2006ൽ കിരീടാവകാശിയായി നിയോഗിക്കപ്പെട്ടത്.

Top