തൊഴില്‍ പെര്‍മിറ്റ് പരിഷ്‌കരണവുമായി കുവൈറ്റ്‌

കുവൈറ്റ് സിറ്റി: അറുപത് വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് കുവൈറ്റില്‍ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല. കുവൈറ്റ് മാനവ വിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവില്‍ ഭേദഗതി വരുത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതര്‍ നയം വ്യക്തമാക്കിയത്. തൊഴില്‍ വിപണിയുടെ ആവശ്യം മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളോടെയും അധിക ഫീസ് ചുമത്തിയും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, ഇതുവരെ അത്തരത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും നയപരവും തന്ത്രപ്രധാനവുമായ വിഷയത്തില്‍ തീരുമാനം ഏറെ ആലോചിച്ചതിന് ശേഷമേ എടുക്കൂവെന്നും അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വിദേശ തൊഴിലാളികള്‍ നാട്ടില്‍ കുടുങ്ങിയത് സംരംഭങ്ങളെ ബാധിച്ചതിനാല്‍ സ്വദേശി തൊഴിലുടമകളില്‍ നിന്ന് പ്രായപരിധി നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 2020 സെപ്തംബറിലാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്.

Top