ജൂണ്‍ 27 മുതൽ കുവൈറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശനം വാക്സിന്‍ എടുത്തവര്‍ക്കു മാത്രം

കുവൈറ്റ് സിറ്റി: ജൂണ്‍ 27 ഞായറാഴ്ച മുതല്‍ കുവൈറ്റിലെ മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്സിന്‍ എടുത്തിരിക്കണമെന്ന് കൊറോണ എമര്‍ജന്‍സി കമ്മിറ്റി അറിയിച്ചു. ഇതുപ്രകാരം റസ്റ്റൊറന്റുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ മറ്റന്നാള്‍ മുതല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടിവരും. 6000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനാണ് ഈ നിയമം ബാധകമാവുക.

വാക്സിന്‍ എടുക്കാത്തവര്‍ ഇവിടങ്ങളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ നടപടികള്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറലും കൊറോണ കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാനുമായ അഹ്‌മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ സൈന്യത്തിന്റെ കൂടി പങ്കാളിത്തം ഉറപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു.

വാക്സിന്‍ എടുത്തുവെന്ന് തെളിയിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്റെ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷനോ ആരോഗ്യ മന്ത്രാലയത്തിന്റെ മന്നാ (ഇമ്മ്യൂണ്‍) ആപ്ലിക്കേഷനോ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രവേശന കവാടങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കുകയും വേണം. ഇത് ചെയ്യാത്തവര്‍ക്ക് വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനം ലഭിക്കില്ല.

അതേസമയം, മാളുകളിലെയും മറ്റും സ്ഥാപന ഉടമകള്‍ക്ക് ഈ നിബന്ധന ബാധകമല്ലെന്നും വാക്സിന്‍ എടുത്തില്ലെന്ന് കരുതി അവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതില്‍ തടസ്സമുണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതിനകം കുവൈറ്റ് മാളുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക മൊബൈല്‍ വാക്സിനേഷന്‍ ഡ്രൈവ് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടിയുടെ ഭാഗമായി പുതിയ നിയന്ത്രണങ്ങള്‍ കുവൈറ്റ് ഭരണകൂടം ഏര്‍പ്പെടുത്തുന്നത്.

 

Top