ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്

ന്യൂഡല്‍ഹി/ കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി.

ഇന്ത്യയില്‍ കുടുങ്ങിക്കിടന്നിരുന്ന കുവൈത്ത് പൗരന്മാരെ കഴിഞ്ഞ ആഴ്ച കുവൈത്ത് എയര്‍വേയ്സ് എയര്‍ലൈന്‍സ് വഴി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇതില്‍ ഇന്ത്യയിലെ കുവൈറ്റ് അംബാസഡർ ജാസെം അൽ നജീം ഇന്ത്യൻ സർക്കാരിനോട് നന്ദിയറിയിച്ചു. കോവിഡിനെ നേരിടുന്നതിനായി 15 അംഗ മെഡിക്കല്‍ സംഘത്തേയും രണ്ട് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യ ഏപ്രില്‍ 11-ന് കുവൈത്തിലേക്കയച്ചിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ സംഘം രണ്ടാഴ്ചയോളം തങ്ങളുടെ മെഡിക്കല്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. പാരസെറ്റമോള്‍ ഗുളികകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ നല്‍കുകയും ചെയ്തു. മരുന്ന് വിതരണം തുടരാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സന്നദ്ധതയെ കുവൈത്ത് സര്‍ക്കാര്‍ അഭിനന്ദിക്കുന്നതായും സ്ഥാപനപതി അറിയിച്ചു.

മെയ് 5 മുതല്‍ കുവൈത്ത് എയര്‍വേയ്സ്, ജസീറ എയര്‍വേയ്സ് വിമാനങ്ങളില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെ ഇന്ത്യയില്‍ എത്തിക്കാമെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു.കോവിഡ് പ്രതിസന്ധിയും എണ്ണ വിലത്തകര്‍ച്ചയും കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം.

Top