കുവൈറ്റ് സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയ്ക്ക് ബദല്‍ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. വിസ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിര്‍ദേശത്തോട് ഗവണ്മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത് എന്നാണ് വിവരം.

ജനസംഖ്യാക്രമീകരണപദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത്തരമൊരു നീക്കം. തൊഴില്‍ വിപണി പരിഷ്‌കരണത്തിന്റെ ഭാഗമായി അഞ്ചു വര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശി വല്‍ക്കരിക്കുക എന്നതാണ് ജനസംഖ്യാക്രമീകരണപദ്ധതിയിലെ പ്രധാന അജണ്ട. ഇതുമായി ചേര്‍ന്ന് പോകുന്ന തരത്തിലായിരിക്കും സ്‌പോണ്‍സര്‍ഷിപ്പിനു പകരം നടപ്പാക്കുന്ന സംവിധാനമെന്നും സൂചനയുണ്ട്

സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാകുന്നതോടെ ഐഎല്‍ഒ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ റാങ്കിങ്ങില്‍ മുകളിലെത്താന്‍ കുവൈറ്റിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് . കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള നിര്‍ദേശത്തിനു ഗവണ്മെന്റ് പച്ചക്കൊടി കാട്ടിയതായാണ് സൂചന.

Top