ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചാല്‍ സ്‌പോണ്‍സര്‍മാര്‍ ഇനി കരിമ്പട്ടികയില്‍

കുവൈറ്റ്: ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിച്ച് നല്‍കാത്ത സ്‌പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി കുവൈറ്റ്. മാന്‍ പവര്‍ അതോറിറ്റിയാണ് സ്‌പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാര്‍ഹിക മേഖലയില്‍ നിന്ന് നിരവധി പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങള്‍, വേതനം നല്‍കാതിരിക്കല്‍, പീഡനം തുടങ്ങി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ഒരു സ്‌പോണ്‍സര്‍ക്കെതിരെ നിരവധി തവണയാണ് പരാതികള്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ നിരവധി തൊഴിലാളികളില്‍ നിന്ന് പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് സ്‌പോണ്‍സര്‍മാരെയും റിക്രൂട്‌മെന്റ് ഓഫീസുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റിക്രൂട്‌മെന്റ് അനുമതി നിഷേധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

സ്വാകാര്യ തൊഴില്‍ മേഖലയില്‍ നിലവില്‍ ബ്ലാക്ക് ലിസ്റ്റിങ് സംവിധാനം ഫലപ്രദമായി നടക്കുന്നുണ്ട്. തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകള്‍ മരവിപ്പിച്ച് റിക്രൂട്‌മെന്റ് വിളിക്കുകയാണ് സ്വകാര്യമേഖലയില്‍ ചെയ്തു വരുന്നത്. സമാന സംവിധാനം ഗാര്‍ഹിക മേഖലയിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ പറഞ്ഞു.

Top